banner

2016 ല്‍ പറഞ്ഞതും നടന്നു; ഇപ്പോൾ 2023 ല്‍ രണ്ടാംഭാഗം വന്നപ്പോള്‍ അതിൽ പറഞ്ഞതും സംഭവിച്ചു

2016 ൽ പുറത്തിറങ്ങിയ പിച്ചൈക്കാരന്‍ എന്ന സിനിമയും നോട്ട് നിരോധനവും തമ്മിൽ ചില യാദൃശ്ചികത ഉണ്ടായിരുന്നു. ശശി സംവിധാനം ചെയ്ത് വിജയ് ആന്‍റണി പ്രധാന വേഷത്തില്‍ എത്തിയ ചിത്രം അന്ന് ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു. സിനിമ ചർച്ചയായതിന് പിന്നിൽ നോട്ട് നിരോധനവും ഒരു കാരണമായിരുന്നു. ചിത്രത്തിലെ ഒരു സീനില്‍ ഒരു യാചകന്‍ ഫോണില്‍ സംസാരിക്കുന്ന സീന്‍ ഉണ്ട്. ഇതില്‍ ഇയാള്‍ രാജ്യത്ത് സാമ്പത്തിക നില നേരെയാകണമെങ്കില്‍ 1000, 500 നോട്ടുകള്‍ നിരോധിക്കണമെന്ന് പറയുന്നുണ്ടായിരുന്നു.

കാര്യകാരണ സഹിതമായിരുന്നു ഈ വാദം. ഈ ചിത്രം ഇറങ്ങി മാസങ്ങള്‍ക്ക് ശേഷം 2016 നവംബറില്‍ ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം കൊണ്ടുവന്നത്. വർഷങ്ങൾക്ക് ശേഷം 2023 ൽ അതിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്തപ്പോഴും സമാനമായ യാദൃശ്ചികത ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പിച്ചൈക്കാരന്‍ 2 എന്ന ചിത്രം ഇറങ്ങിയത്. നോട്ട് നിരോധനവും ചിത്രവും തമ്മിലുള്ള യാദൃശ്ചികതയാണ് വീണ്ടും ചര്‍ച്ചയായത്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ റിലീസ് ദിവസം തന്നെയാണ് ആര്‍ബിഐ 2000 രൂപ നോട്ടുകള്‍ നിരോധിക്കുന്നു എന്ന കാര്യം പ്രഖ്യാപിച്ചത്. സെപ്തംബർ 30 വരെ മാത്രമാണ് 2000 രൂപ നോട്ടിന്റെ ആയുസ്.

അതിന് ശേഷം നിലവിലെ കറൻസികളിൽ ഏറ്റവും വലിയ കറൻസി 500 രൂപയാകും. പിച്ചൈക്കാരന്‍ ചിത്രവും നോട്ട് നിരോധനവും തമ്മിലുള്ള ബന്ധത്തിലെ കൌതുകം തമിഴ് സിനിമ ലോകത്ത് ചര്‍ച്ചയാകുന്നുണ്ട്. മുൻപ് 2016 നോട്ട് നിരോധനം വന്ന ശേഷമാണ് 2000 രൂപ നോട്ട് പുറത്തിറക്കിയത്. 2017 ന് ശേഷം രാജ്യത്ത് ഈ നോട്ട് അച്ചടിച്ചിരുന്നില്ല. പിൽക്കാലത്ത് ഘട്ടം ഘട്ടമായി നോട്ട് പിൻവലിച്ചു. നിലവിലെ സാഹചര്യത്തിൽ 2000 രൂപ നോട്ട് നിരോധനം 2016 ലെ നോട്ട് നിരോധന സാഹചര്യം പോലെ ജനത്തെ വലയ്ക്കില്ലെന്നാണ് കരുതുന്നത്. വിപണിയിൽ 2000 രൂപ നോട്ട് ലഭ്യത കുറഞ്ഞതാണ് ഇതിന് കാരണം.

Post a Comment

0 Comments