banner

'28 കാരന്‍ രാഖിശ്രീയെ ശല്യം ചെയ്തിരുന്നു; കൂടെ ഇറങ്ങി വന്നില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി'

തിരുവനന്തപുരം : ചിറയിന്‍കീഴില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവത്തില്‍ പരാതിയുമായി മാതാപിതാക്കള്‍ രംഗത്ത്. യുവാവ് പ്രണയാഭ്യര്‍ഥന നടത്തുകയും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതില്‍ മനംനൊന്താണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് പിതാവ് ആരോപിച്ചു.

സംഭവത്തില്‍ യുവാവിനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ആര്‍.എസ്.രാഖിശ്രീ ശനിയാഴ്ചയാണു വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

ചിറയിന്‍കീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28 കാരന്‍ രാഖിശ്രീയെ നിരന്തരം ശല്യം ചെയ്തിരുന്നു. കൂടെ ഇറങ്ങി വന്നില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് രാഖിശ്രീയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ് രാജീവ് ആരോപിച്ചു.

ആറു മാസം മുന്‍പ് ഒരു ക്യാംപില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് രാഖിശ്രീക്ക് മൊബൈല്‍ ഫോണ്‍ നല്‍കി. തുടര്‍ന്ന് ഇയാള്‍ രാഖിശ്രീയെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് പറയുന്നു.

കഴിഞ്ഞ ദിവസം ബസ് സ്റ്റോപ്പില്‍ തടഞ്ഞുനിര്‍ത്തിയും ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു.ചിറയിന്‍കീഴ് ശാര്‍ക്കര ശ്രീശാരദവിലാസം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു രാഖിശ്രീ. കൂന്തള്ളൂര്‍ പനച്ചുവിളാകം രാജീവ് - ശ്രീവിദ്യ ദമ്പതികളുടെ മകളാണ്.

Post a Comment

0 Comments