തിരുവനന്തപുരം : കെഎസ്ആർടിസി ബസ് ജീവനക്കാരെ ആക്രമിക്കുകയും പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ വനിതാ പൊലീസിന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത റഹീം മയക്കുമരുന്നിന് അടിമ. പാങ്ങോട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. ഇന്നലെയാണ് ബസിൽ അതിക്രമം കാട്ടിയതിന്റെ പേരിൽ കല്ലറ, പള്ളിമുക്ക് ചരുവിളപുത്തൻവീട്ടിൽ റഹീ(38)മിനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടപടികൾക്കിടെ പോലീസ് സ്റ്റേഷനിലും, വൈദ്യപരിശോധനയ്ക്കിടെ ആശുപത്രിയിലും ഇയാൾ അക്രമം തുടർന്നതായി പോലീസ് പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ സംസ്ഥാന പാതയിൽ കാരേറ്റാണ് സംഭവം. തമ്പാനൂർ ഡിപ്പോയിൽനിന്ന് ഉച്ചയ്ക്ക് 1.40-ന് കൊട്ടാരക്കരയ്ക്കു പോയ കെ.എസ്.ആർ.ടി.സി. ബസിൽ കാരേറ്റ് ഇറങ്ങുന്നതിനായി ടിക്കറ്റെടുത്ത് യാത്ര ചെയ്യുകയായിരുന്നു ഇയാൾ. കാരേറ്റ് എത്തിയിട്ടും ഇറങ്ങാതെ ബസിലിരുന്ന് ഉറങ്ങിയ യാത്രക്കാരനെ കണ്ടക്ടർ വിളിച്ചുണർത്തിയതോടെ അസഭ്യം വിളിച്ചുകൊണ്ട് ഇയാൾ കണ്ടക്ടർക്കു നേരേ അക്രമാസക്തനായി. കണ്ടക്ടറെ ആക്രമിച്ചതു തടയാൻ ശ്രമിച്ച ഡ്രൈവറെയും ഇയാൾ മർദിച്ചു. വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്‌പ്പെടുത്തി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
0 Comments