banner

6 പേർക്ക് പുതുജീവനേകി സാരംഗ് വിട പറഞ്ഞു; അവയവദാനത്തിന് സമ്മതം നൽകി മാതാപിതാക്കൾ; മരണം എസ്.എസ്.എൽ.സി ഫലം കാത്തിരിക്കെ

കിളിമാനൂർ : വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്‌ക മരണമടഞ്ഞ ആറ്റിങ്ങൽ സ്വദേശി സാരംഗ് (16) ഇനി 6 പേർക്ക് പുതുജീവനേകും. മസ്‌തിഷ്‌ക മരണം സ്ഥിതീകരിച്ച സാരം​ഗിന്റെ അവയവങ്ങൾ ദാനം ചെയ്യാനായി തീരുമാനിച്ചു. കഴിഞ്ഞ 6നായിരുന്നു സാരം​ഗിന് അപകടം സംഭവിച്ചത്.

അമ്മയുമൊത്ത് ഓട്ടോയിൽ സഞ്ചരിക്കവെ തോട്ടയ്ക്കാട് വടകോട്ട്കാവ് കുന്നത്ത്കോണം പാലത്തിനു സമീപം വളവിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണംവിട്ട് ഓട്ടോ മറിയുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സാരംഗ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് സാരം​ഗ് മരണത്തിനു കീഴടങ്ങിയത്. ആലംകോട് വഞ്ചിയൂർ നികുഞ്ജം വീട്ടിൽ പി ബിനേഷ്‌കുമാർ, ജി ടി രജനി ദമ്പതിമാരുടെ മകനാണ്.  ആറ്റിങ്ങൽ ജിഎംബിഎച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാർഥിയായ സാരം​ഗ് പരീക്ഷാഫലത്തിനായി കാത്തിരിക്കുകയായിരുന്നു.

മസ്‌തിഷ്‌ക മരണം സംഭവിച്ച സാരംഗിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അച്ഛനമ്മമാർ സമ്മതിച്ചു. ആറു പേർക്ക് ഇനി സാരം​ഗിലൂടെ പുതുജീവൻ ലഭിക്കും.  വൃക്കകൾ, കരൾ, കണ്ണുകൾ, ഹൃദയവാൽവ് ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ, മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഉച്ചയോടെ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് വൈകീട്ട് വീട്ടുവളപ്പിൽ സംസ്‌ക‌രിക്കും. സാരംഗിന് ആദരാഞ്ജലി അർപ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മസ്‌തിഷ്‌ക മരണമടഞ്ഞ സാരംഗ് 6 പേർക്കാണ് അവയവദാനത്തിലൂടെ പുതുജീവിതമേകുന്നത്.


മന്ത്രിയുടെ  ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ന് എസ്എസ്എൽസി ഫലം വരുമ്പോൾ സാരംഗ് നമ്മോടൊപ്പമില്ല. 6 പേർക്ക് പുതുജീവിതം നൽകി തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സാരംഗ് (16) യാത്രയായി. വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്‌ക മരണമടഞ്ഞ സാരംഗിന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയ വാൽവ്, രണ്ട് കോർണിയ എന്നിവയാണ് ദാനം നൽകിയത്. കായിക താരം ആകാൻ ആഗ്രഹിച്ച, ഫുട്‌ബോളിനെ ഏറെ സ്‌നേഹിച്ച കുട്ടി കൂടിയായിരുന്നു സാരംഗ്. മകന്റെ വിയോഗത്തിന്റെ തീവ്ര ദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ മുന്നോട്ടുവന്ന ബന്ധുക്കളുടെ തീരുമാനം മാതൃകാപരമാണ്.

Post a Comment

0 Comments