banner

അബ്ദുൾ നാസർ മഅദനിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി; സുരക്ഷാചെലവ് കുറയ്ക്കണമെന്ന ആവശ്യം തള്ളി; നടപടിയിൽ ഇടപെടില്ലെന്ന് കോടതി



ന്യൂഡൽഹി : കേരളത്തിലേക്ക് പോകുന്നതിന് കർണാടക സർക്കാർ ആവശ്യപ്പെടുന്ന സുരക്ഷയുടെ ചെലവ് കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. പൊലീസ് അകമ്പടിയുടെ ചെലവായി മാസം 2 ലക്ഷം രൂപ നൽകണമെന്നാണ് കർണാടക പൊലീസിന്‍റെ ആവശ്യം. ഇതിനെതിരെയാണ് മഅദനി സുപ്രീം കോടതിയെ സമീപിച്ചത്. കർണാടക സർക്കാർ നടപടിയിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ അജയ് റസ്തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മഅദനിക്കുള്ള സുരക്ഷാ ഭീഷണി, റിസ്ക് അസസ്മെന്‍റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സുരക്ഷ ഉദ്യോഗസ്ഥന്മാരെ നിയോഗിച്ചത്. ഇതിനായി മാസം 2 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കർണാടക പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ അകമ്പടി ചെലവ് കുറയ്ക്കാൻ സാധിക്കില്ലെന്ന് കർണാടക സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ജൂലൈ 8 വരെയുള്ള സുരക്ഷാ കാര്യങ്ങൾക്ക് 54.63 ലക്ഷം രൂപ കെട്ടിവക്കണമെന്ന് ആവശ്യപ്പെട്ടതിനെതിരെ മഅദനി നൽകിയ അപേക്ഷയിലാണ് കർണാടക ഭീകര വിരുദ്ധ സെൽ എതിർ സത്യവാങ്മൂലം നൽകിയത്.

Post a Comment

0 Comments