banner

പ്രസവശേഷം വീട്ടിലേക്ക് മടങ്ങവേ അപകടം; പിഞ്ചുകുഞ്ഞിനു പിന്നാലെ അമ്മയും മരണത്തിനു കീഴടങ്ങി; അപകടം കെഎസ്‌ആര്‍ടിസി ബസ് ഓട്ടോയില്‍ ഇടിച്ച്



പോത്തന്‍കോട് : കെഎസ്‌ആര്‍ടിസി ബസ് ഓട്ടോയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. മണമ്ബൂര്‍ സ്വദേശി മഹേഷിന്റെ ഭാര്യ അനുവാണ് ചികിത്സയിലിക്കെ മരിച്ചത്.
മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ആണ് മരണം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അനു മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
അനുവിന്റെ പിഞ്ചു കുഞ്ഞ്, അനുവിന്റെ മാതാവ് മണമ്ബൂര്‍ നാലുമുക്ക് കാരൂര്‍ക്കോണത്ത് പണയില്‍ വീട്ടില്‍ ശോഭ(41), ഓട്ടോ ഡ്രൈവര്‍ മണമ്ബൂര്‍ കാരൂര്‍ക്കോണത്ത് വീട്ടില്‍ സുനില്‍ (40) എന്നിവര്‍ അപകടത്തിനു തൊട്ടുപിന്നാലെ മരിച്ചിരുന്നു. 

അനുവിന്റെ പ്രസവാനന്തരം എസ്‌എടി ആശുപത്രിയില്‍ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോയിലാണ് കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചത്. അപകടത്തില്‍ പരുക്കേറ്റ അനുവിന്റെ ഭര്‍ത്താവ് മഹേഷും മൂത്ത മകന്‍ മിഥുനും (4) ചികിത്സയിലാണ്.
അപകടവുമായി ബന്ധപ്പെട്ട് കെഎസ്‌ആര്‍ടിസി ആറ്റിങ്ങല്‍ ഡിപ്പോയിലെ ഡ്രൈവര്‍ കൊല്ലം മയ്യനാട് കുട്ടിക്കട താഴത്തുചേരി ജിത്തു ഭവനില്‍ വി. അജിത് കുമാറിനെ(50) മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 
അജിത്തിനെ കോടതി റിമാന്‍ഡ് ചെയ്തു. ഡ്രൈവര്‍ വി. അജിത്തിന്റെ ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കിയതായി മോട്ടര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. ബസ് അമിത വേഗത്തിലായതാകാം അപകടത്തിനു കാരണമെന്നും തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.

വ്യാഴാഴ്ച രാത്രി രാത്രി 9 നു കണിയാപുരത്തിനു സമീപം പള്ളിപ്പുറം താമരക്കുളം മുഴുത്തിരിയാവട്ടത്തായിരുന്നു അപകടം. ആറ്റിങ്ങലില്‍ നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് ഓട്ടോയിലേക്ക് ഇടിച്ചു കയറിയത്. അമിതവേഗത്തിലെത്തിയ ബസ് എതിര്‍ദിശയിലേക്കു പാഞ്ഞ് ഓട്ടോയെ ഇടിച്ച ശേഷം 10 മീറ്ററോളം നിരക്കി മുന്നോട്ടു പോയി. ഇടിയുടെ ആഘാതത്തില്‍ പിഞ്ചുകുഞ്ഞ് പുറത്തേക്കു തെറിച്ചു വീണു. ശോഭ, സുനില്‍ എന്നിവര്‍ സംഭവ സ്ഥലത്തു മരിച്ചു. അനുവിന്റെ പ്രസവം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു കുടുംബം.

അപകടത്തില്‍ ഓട്ടോ പൂര്‍ണമായും ബസിന്റെ മുന്‍ഭാഗവും തകര്‍ന്നു. അപകട ശേഷം ബസ് ഡ്രൈവറും കണ്ടക്ടറും അടുത്തുള്ള വീടിനുള്ളിലേക്കു രക്ഷാര്‍ഥം ഓടിക്കയറി. ഇവരെ രക്ഷപ്പെടുത്തി സ്റ്റേഷനിലേക്കു കൊണ്ടു പോകാന്‍ പൊലീസ് ശ്രമിച്ചതു സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഓടിക്കൂടിയ നാട്ടുകാ‍ര്‍ അക്രമാസക്തരാവുകയായിരുന്നു. പൊലീസിന്റെ ജീപ്പും തടഞ്ഞു. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പൊലീസും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.

إرسال تعليق

0 تعليقات