തിരുവനന്തപുരം : ബാലരാമപുരത്തെ മതപഠന ശാലയിൽ പതിനേഴുകാരി മരിച്ച സംഭവത്തിൽ ഉയരുന്ന ആരോപങ്ങൾ തള്ളി സ്ഥാപന മേധാവികൾ. മരിച്ച അസ്മീയയെ മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചിട്ടില്ലെന്നാണ് പ്രിൻസിപ്പാൾ ഉസ്താദ് മുഹമ്മദ് ജാഫർ പറഞ്ഞത്. ”35 പെൺകുട്ടികളാണ് സ്ഥാപനത്തിൽ താമസിച്ചു പഠിക്കുന്നത്. മരിച്ച അസ്മീയയെ കാണാൻ എത്തിയപ്പോൾ ഉമ്മയെ തടഞ്ഞിട്ടില്ല. ഏത് അന്വേഷണവുമായും സഹകരിക്കും”. മത പഠനശാലയ്ക്ക് ഹോസ്റ്റൽ നടത്തിപ്പിനുള്ള അനുമതി കിട്ടിയിട്ടില്ലെന്നും സ്ഥാപന മേധാവികൾ വ്യക്തമാക്കി.
ശനിയാഴ്ച രാത്രിയാണ് ബാലരാമപുരത്തെ അൽ അമൻ എഡ്യുക്കേഷണൽ കോംപ്ലക്സ് എന്ന മതപഠന സ്ഥാപനത്തിലെ ലൈബ്രറി മുറിയിൽ അസ്മീയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റ്മോർട്ടം ഫലത്തിൽ ആത്മഹത്യയെന്നാണ് നിഗമനം. എന്നാൽ അസ്മീയ ആത്മഹത്യ ചെയ്യാനുള്ള സാധ്യത ബന്ധുക്കൾ തള്ളികളയുന്നു. അസ്മീയയുടേത് ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും ശക്തമായ അന്വേഷണം വേണമെന്നുമുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. അസ്മീയയെ അപകീർത്തിപ്പെടുത്താൻ ശ്രമംനടക്കുന്നതായും ബന്ധുക്കൾ പരാതിപ്പെട്ടു.
ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടിലേക്ക് വിളിച്ച അസ്മീയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ഉമ്മയോട് ആവശ്യപ്പെട്ടത്. ഉസ്ദാതും ടീച്ചറും ഒറ്റപ്പെടുത്തുന്നുവെന്നും വഴക്കുപറയുന്നുവെന്നുമാണ് അസ്മീയ ഉമ്മയോട് പറഞ്ഞത്. മകളുടെ സംസാരത്തിൽ സംശയം തോന്നിയ ഉമ്മ റഹ്മത്ത് ബീവി ഉടൻ ബാലരാമപുരത്തെത്തി. പക്ഷെ അസ്മീയ കുളിമുറിയിലാണെന്ന് പറഞ്ഞ് സ്ഥാപന അധികൃതർ കാത്തിരുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. ബലം പ്രയോഗിച്ച് അകത്ത് കടന്നപ്പോഴാണ് ലൈബ്രറിയോട് ചേർന്ന് അസ്മീയയെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. ആശുപത്രിയിലെത്തിക്കാനോ, അതിനുള്ള സൗകര്യം ഒരുക്കാനോ ആരും മെനക്കെട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു. വിശദമായ അന്വേഷണം നടക്കുന്നുവെന്നാണ് ബാലരാമപുരം പോലീസ് അറിയിച്ചത്.
0 Comments