banner

ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് സൗഹൃദം സ്ഥാപിച്ചു!, പിന്നാലെ പണവും സ്വര്‍ണവും കൈക്കലാക്കി; വിവാഹ വാഗ്ദാനം നൽകി തട്ടിപ്പു നടത്തുന്ന നാല്‍പ്പതിയഞ്ചുകാരന്‍ അറസ്റ്റില്‍



കല്‍പ്പറ്റ : ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും സൗഹൃദം സ്ഥാപിച്ച് പണവും സ്വര്‍ണവും തട്ടുകയും ചെയ്ത നാല്‍പ്പതിയഞ്ചുകാരന്‍ അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ താന്നിലോട് സ്വദേശി കിഴക്കേ വീട്ടില്‍ സുരേഷ് ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് ഒളിച്ചു താമസിക്കവേ ആണ് ഇയാളെ പോലീസ് പൊക്കിയത്. താന്‍ ഡോക്ടറാണെന്ന് പറഞ്ഞ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളുടെ പക്കല്‍ നിന്നും പൈസയും സ്വര്‍ണവും കൈക്കലാക്കുകയുമായിരുന്നു ഇയാളുടെ രീതി. അപ്പോളോ, അമൃത തുടങ്ങിയ ആശുപത്രികളില്‍ ഡോക്ടര്‍ ആണെന്നായിരുന്നു ഇയാള്‍ അവകാശപ്പെട്ടിരുന്നത്.

ഡോക്ടര്‍ സുരേഷ് കുമാര്‍, ഡോക്ടര്‍ സുരേഷ് കിരണ്‍, ഡോക്ടര്‍ കിരണ്‍ കുമാര്‍ എന്നിങ്ങനെ വിവിധ പേരുകളിലുമാണ് ഇയാള്‍ ആളുകളെ കബളിപ്പിച്ചിരുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസുകള്‍ അടക്കം സമാനമായ കേസുകള്‍ ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വയനാട് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കല്‍പ്പറ്റ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത്. കല്‍പ്പറ്റ എഎസ്പി തപോഷ് ബസുമധാരി ഐപിഎസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. സ്ത്രീ പീഡനക്കേസില്‍ ബത്തേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയും തിരുവല്ല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസിലെ പിടികിട്ടാപ്പുള്ളിയുമാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments