ആലക്കോട് : സുഡാനില്‍ വെടിയേറ്റ് മരിച്ച ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിയന്റെ (48) മൃതദേഹം വീട്ടിലെത്തിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.15ഓടെയാണ് വീട്ടിലെത്തിച്ചത്.
ഡല്‍ഹിയില്‍ നിന്ന് വെള്ളിയാഴ്ച രാത്രി 9.15ന് കോഴിക്കോട് വിമാത്താവളത്തിലെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിലാണ് മൃതദേഹം കൊണ്ടുവന്നത്. ആല്‍ബര്‍ട്ടിന്റെ ഭാര്യാസഹോദരന്‍ അനൂപ് ടി. ജോണ്‍, ബന്ധുക്കളായ വിന്‍സന്റ് മഞ്ചേരില്‍, സോണി മഞ്ചേരില്‍, ബേബി, അബീഷ്, ആല്‍ബിന്‍ തുടങ്ങിയവര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളലെത്തിയിരുന്നു.
വിദേശകാര്യമന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിലെ പി.ടി. രാജഗോപാല്‍, നോര്‍ക്ക കോഴിക്കോട് റീജണല്‍ കേന്ദ്രത്തിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ എം. പ്രശാന്ത് എന്നിവരും വിമാനത്താവളത്തിലെത്തി. ഒന്‍പതേമുക്കാലോടെ വിമാനത്താവളത്തിനു പുറത്തെത്തിച്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പോര്‍ട്ട് സുഡാനില്‍നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് ഡല്‍ഹിയിലെത്തിച്ചത്. ഡല്‍ഹിയില്‍ വ്യോമസേനയുടെ വിമാനത്താവളത്തില്‍ മൃതദേഹം നോര്‍ക്ക ഡെവലപ്‌മെന്റ് ഓഫീസര്‍ ഷാജിമോന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഏറ്റുവാങ്ങി. എമിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്‍പ്പെടെയുള്ള നടപടി പൂര്‍ത്തിയാക്കിയശേഷം കോഴിക്കോട്ടേക്ക് വിമാനമാര്‍ഗം എത്തിക്കുകയായിരുന്നു.
0 Comments