പാലക്കാട് : കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന് സസ്പെന്‍ഷന്‍. പാലക്കാട് ജില്ലാ കളക്ടറാണ് സുരേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കളക്ടര്‍ അറിയിച്ചു. കൈക്കൂലി കേസില്‍ ഇന്നലെയാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. മഞ്ചേരി സ്വദേശിയില്‍ നിന്നും 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ് കുമാറിനെ വിജിലന്‍സ് പിടികൂടിയത്.
തുടര്‍ന്ന് സുരേഷ് കുമാറിന്റെ മണ്ണാര്‍ക്കാട്ടെ താമസ സ്ഥലത്ത് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 35 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ഇതിന് പുറമേ വിവിധ ബാങ്കുകളിലായി 40 ലക്ഷം മൂല്യമുള്ള ബോണ്ടുകള്‍, 25ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് രേഖകള്‍, 17കിലോ തൂക്കം വരുന്ന നാണയശേഖരം എന്നിവ കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് കവറുകളിലാണ് പണം സൂക്ഷിച്ചിരുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് പാലക്കയം വില്ലേജ് ഓഫീസില്‍ സുരേഷ് കുമാര്‍ എത്തുന്നത്. കൈക്കൂലി കണക്ക് പറഞ്ഞ് വാങ്ങിയിരുന്ന സുരേഷ് കുമാര്‍ പണം കൊടുത്തില്ലെങ്കില്‍ മാസങ്ങളോളം നടത്തിക്കും എന്നാണ് നാട്ടുകാര്‍ പറയുന്നത്. സര്‍വ്വേ പൂര്‍ത്തിയാക്കാത്ത പ്രദേശമായതിനാല്‍ പ്രദേശവാസികള്‍ക്ക് വില്ലേജ് ഓഫീസിനെ ആശ്രയിക്കാതെ വഴിയില്ല. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പലരില്‍ നിന്നും 500 മുതല്‍ 10,000 രൂപ വരെയാണ് ഇയാള്‍ കൈപ്പറ്റിയത്.
0 Comments