banner

മുൻ യു.ഡി.എഫ് എം.എൽ.എ കെ.കെ ഷാജു കോൺഗ്രസ് വിട്ടു; ഷാജു ചേക്കേറുന്നത് സി.പി.എമ്മിലേക്ക്; എം.വി ഗോവിന്ദൻ മാസ്റ്ററുടെ കേരള യാത്രയ്ക്ക് പിന്നാലെ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്!



ആലപ്പുഴ​ : എം.വി ഗോവിന്ദൻ മാസ്റ്ററുടെ ജന ജാഗ്രത യാത്രയ്ക്ക് പിന്നാലെ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്. ദലിത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എയുമായ കെ.കെ ഷാജു കോൺഗ്രസ് വിട്ടു. ഈ മാസം 12ന് ആലപ്പുഴയിൽ നടക്കുന്ന സമ്മേളനത്തിൽ സി.പി.എമ്മിൽ ചേരുമെന്നുമാണ് വിവരം. 

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഷാജു പൊതുപ്രവർത്തന രംഗത്തെത്തിയത്. തുടർന്ന് സി.പി.എമ്മിൽ അംഗമായി. കെ.ആർ ഗൗരിയമ്മയെ സി.പി.എം പുറത്താക്കിയപ്പോൾ അവർക്കൊപ്പം പാർട്ടി വിട്ട് ജെ.എസ്.എസിൽ ചേരുകയായിരുന്നു. 2001ലും 2006ലും പന്തളം മണ്ഡലത്തിൽ നിന്ന് ജെ.എസ്.എസ് ടിക്കറ്റിൽ എം.എൽ.എയായി. ഗൗരിയമ്മ യു.ഡി.എഫ് വിട്ടപ്പോൾ അവരെ തുണക്കാതിരുന്ന ഷാജു പിന്നീട് കോൺഗ്രസിൽ ചേർന്ന് 2011ൽ മാവേലിക്കരയിൽ നിന്നും 2016ൽ അടൂരിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 

എന്തായാലും മാതൃസംഘടനയിലേക്കുള്ള മടക്കത്തിൽ സന്തോഷമുണ്ടെന്ന് ഷാജു പ്രതികരിച്ചു. 12ന് ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഷാജുവിനെ സി.പി.എമ്മിലേക്ക് സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

Post a Comment

0 Comments