കൊച്ചി : സന്ദീപിനെ ആശുപത്രി റൂമില്‍ കയറ്റിയപ്പോള്‍ പൊലീസ് എവിടെയായിരുന്നുവെന്ന് ഹൈക്കോടതി. അക്രമം കണ്ട് ഡോ. വന്ദന ദാസ് ഭയന്നു നിന്നപ്പോള്‍ പൊലീസ് രക്ഷയ്ക്ക് എത്തിയില്ലേയെന്നും കോടതി ചോദിച്ചു. വസ്തുത വസ്തുതയായി പറയണമെന്നും ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നതിനിടെയായിരുന്നു രൂക്ഷമായ ചോദ്യങ്ങള്‍.
അതേസമയം പൊലീസ് മേധാവി ഓണ്‍ലൈനായി കോടതിയില്‍ ഹാജരായി. ആക്രമണം നടന്നത് എങ്ങനെയെന്ന് ഹൈക്കോടതിയില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത്കുമാര്‍ വിശദീകരിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍. ആദ്യം വന്ന ഫോണ്‍ കോള്‍ മുതല്‍ ഏറ്റവും ഒടുവില്‍ എന്തുസംഭവിച്ചുവെന്ന് അക്കമിട്ട് നിരത്തിയാണ് കോടതിയില്‍ പവര്‍പോയിന്റ് പ്രസന്റേഷന്‍ വഴി എഡിജിപി വിശദീകരിച്ചത്.
സന്ദീപിന്റെ കാലിലെ മുറിവ് വൃത്തിയാക്കാനായി കാല്‍ താഴ്ത്തിവയ്ക്കാന്‍ നഴ്‌സ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു സന്ദീപ് തയാറായില്ല. ബന്ധു രാജേന്ദ്രന്‍ പിള്ള കാല്‍ ബലമായി താഴ്ത്തിയതാണ് സന്ദീപിനെ പ്രകോപിപ്പിച്ചെന്ന് എഡിജിപി കോടതിയെ അറിയിച്ചു. കോടതി ഇപ്പോള്‍ പൊലീസിന്റെ വിശദീകരണം കേള്‍ക്കുകയാണ്.
പ്രതി സന്ദീപിന്റെ ഫോണ്‍ ശബ്ദരേഖ പൊലീസ് കോടതിയില്‍ ഹാജരാക്കി. ആദ്യം വിളിച്ചത് പുലര്‍ച്ചെ 1.06ന്, താന്‍ കിണറ്റില്‍ ഒളിച്ചിരിക്കുന്നുവെന്നാണ് അതില്‍ സന്ദീപ് പറയുന്നത്. 3.49ന് വിളിച്ച രണ്ടാം കോളില്‍ അയല്‍വാസി തന്നെ കൊല്ലുമെന്നും ഇയാള്‍ പറയുന്നുണ്ട്.
അതേസമയം സൈബര്‍ പോരാളികള്‍ക്കെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. വന്ദന ദാസിന്റെ കേസ് ബുധനാഴ്ച പരിഗണിക്കുന്നതിനിടെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്ന് സൈബര്‍ ഇടങ്ങളില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആരാണ് വിമര്‍ശിക്കുന്നതെന്ന് അറിയാമെന്നും ഇത്തരം സംഭവങ്ങളില്‍ കണ്ണടയ്ക്കില്ലെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ വിശ്വാസം തകര്‍ക്കാനാകില്ല. കോടതിയുടെ ഉദ്ദേശ്യങ്ങളില്‍ നിന്നു വ്യതിചലിപ്പിക്കാന്‍ കഴിയില്ല. ഉത്തരവാദിത്തമാണ് ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി.
0 Comments