കൊല്ലം : കൊട്ടാരക്കര ജനറൽ ആശുപത്രിയിൽ ജോലിക്കിടെ ഡോ. വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ കോടതിയിൽ ഹാജരാകും. പ്രതിക്ക് വേണ്ടി അഡ്വ. ആളൂർ വക്കാലത്ത് ഒപ്പിട്ടു. സന്ദീപിനെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ വേളയിൽ വലിയ പ്രതിഷേധമുണ്ടായി. കോടതിക്ക് പുറത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധിച്ചു.
കോടതിയുടെ നിര്‍ദേശ പ്രകാരം പ്രതിയുടെ രക്ത സാമ്പിൾ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാണ് പോലീസിന്റെ ആവശ്യം. കസ്റ്റഡിയിലെടുത്തുള്ള ചോദ്യo ചെയ്യൽ അനിവാര്യമാണെന്നും തിരിച്ചറിയൽ പരേഡ് നടത്തണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. എന്നാൽ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ ആവശ്യം.
ജയിൽ ഡോക്ടര്‍ പരിശോധിച്ചതിൽ പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് കണ്ടെത്തൽ. ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചതെന്നാണ് കഴിഞ്ഞ ദിവസം സന്ദീപ് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്. ആശുപത്രിയിലുണ്ടായിരുന്ന പുരുഷ ഡോക്ടറെയാണ് ആക്രമിക്കാൻ ലക്ഷ്യവച്ചതെന്നും സന്ദീപ് ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. സംഭവ ദിവസം മദ്യപിച്ചിരുന്നു. നാട്ടുകാർ മർദ്ദിച്ച ശേഷം കൊല്ലാൻ ശ്രമിച്ചപ്പോള്‍ പോലീസിനെ രണ്ടു പ്രാവശ്യം വിളിച്ചുവെന്നാണ് സന്ദീപ് പറയുന്നത്. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ അക്രമത്തിലേക്ക് നയിച്ച കാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.
0 Comments