banner

തൃക്കരുവയിലെ കുടിവെള്ള ക്ഷാമം: പരിഹാരമാവശ്യപ്പെട്ട് ബി.ജെ.പി എ.എക്സ്.ഇ ഉപരോധിച്ചു



അഞ്ചാലുംമൂട് : തൃക്കരുവ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി ബി.ജെ.പി പ്രവർത്തകർ എ.എക്സ്.ഇ ഉപരോധിച്ചു. ജല ജീവൻ പദ്ധതി നടപ്പിലാക്കുന്നതിൽ പഞ്ചായത്ത് ഗുരുതരമായ അനാസ്ഥ തുടരുന്നതായും മറ്റ് പ്രദേശങ്ങളിൽ എല്ലാ വീടുകളിലും കുടിവെള്ളമെത്തിയിട്ടും തൃക്കരുവ പഞ്ചായത്ത് പരിധിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതിന് കാരണം പഞ്ചായത്തിൻ്റെ വീഴ്ചയാണെന്നും ബി.ജെ.പി ആരോപിച്ചു.

ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ ജല ജീവൻ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി. എന്നാൽ തൃക്കരുവയിൽ ഒന്നാം ഘട്ടം പൂർത്തിയായിട്ട് രണ്ട് വർഷം പിന്നിടുമ്പോഴും രണ്ടാം ഘട്ടത്തിൻ്റെ അടിസ്ഥാന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുപോലുമില്ല. പുതിയതായി വരുന്ന വാട്ടർ ടാങ്കിന്റ നിർമ്മാണം പൂർത്തീകരിച്ചതിന് ശേഷമേ രണ്ടാം ഘട്ട പദ്ധതി നടപ്പിലാക്കാൻ സാധിക്കുകയുള്ള എന്ന വാദമാണ് പഞ്ചായത്ത് ഭരണസമിതി ഉയർത്തുന്നത്. കാര്യങ്ങൾ ഇങ്ങനെയെന്നിരിക്കെ വാട്ടർ ടാങ്ക് നിർമിക്കാൻ ആവശ്യമായ ഭൂമിയോ ഫണ്ടോ പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നുള്ളത് ഭരണസമിതിയുടെ പരാജയമാണെന്നും. ഇവ പ്രാവർത്തികമാകാൻ ഇനിയും മാസങ്ങൾ കഴിയുമെന്നും നേതാക്കൾ പറഞ്ഞു.

കേന്ദ്ര സർക്കാർ പദ്ധതി യായ ജല ജീവൻ മിഷൻ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന ആരോപണത്തെ തുടർന്ന് ബിജെപി തൃക്കരുവ പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ അജയൻ മകരവിളക്ക്, ജനറൽ സെക്രട്ടറി സജീഷ് പ്രാക്കുളം, ബിജെപി ഗ്രാമപഞ്ചായത്തംഗങ്ങളായ സുജിത്ത് അഷ്ടമുടി, മഞ്ചു ആലയത്ത്, തൃക്കടവൂർ മണ്ഡലം ജനറൽ സെക്രട്ടറി ഷൈൻ പെരുമൺ എന്നിവരുടെ നേതൃത്വത്തിൽ ജല ജീവൻ എ.ഇ.ഇയെ നേരിട്ട് സന്ദർശിക്കുകയും നിലവിൽ വാട്ടർ ടാങ്കിന്റെ പൈപ്പ് പ്രോജക്ടും ഡിസ്ട്രിബൂഷൻ പ്രോജക്ടും രണ്ടായി നടത്തികൊണ്ട് പൈപ്പ് ഡിസ്ട്രിബൂഷന്റെ ടി.എസ് ഈ മാസം തന്നെ ടെണ്ടർ വിളിക്കണമെന്ന് ആവശ്യപെടുകയും ആവശ്യം അംഗീകരിച്ചു കൊണ്ട് എ.എക്സ്.ഇ ഉറപ്പ് നൽകുകയും രണ്ടു മാസത്തിനകം പൈപ്പ് കണക്ഷൻ എല്ലാവർക്കും നൽകുമെന്നും അതിനു വേണ്ടുന്ന നിർദ്ദേശം തൃക്കരുവ പഞ്ചായത്തിന് നൽകുമെന്ന ഉറപ്പും നൽകിയതായി നേതാക്കൾ അറിയിച്ചു.

Post a Comment

0 Comments