banner

കൊല്ലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു; മരിച്ച വർഗ്ഗീസ് ദുബൈയിൽ നിന്ന് നാട്ടിലെത്തിയത് ഇന്നലെ; കുത്തിയ പോത്ത് ചത്തു, മറ്റൊന്ന് കൂടിയുണ്ടെന്ന് നാട്ടുകാർ



കൊല്ലം : അഞ്ചലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു. അഞ്ചൽ ഇടമുളയ്ക്കൽ പഞ്ചായത്തിലെ കൊടിഞ്ഞൽ സ്വദേശി വർഗ്ഗീസ് (62) ആണ് രാവിലെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. മകളോടൊപ്പം ദുബൈയിലായിരുന്ന വർഗ്ഗീസ് കഴിഞ്ഞ ദിവസം രാത്രിയിലാണ് നാട്ടിലെത്തിയതെന്ന് ബന്ധുക്കൾ പറയുന്നു.

ഇന്ന് പുലർച്ചെ ഏഴു മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് പോകവേയാണ് വർഗ്ഗീസിനെ കാട്ടുപോത്ത് ക്രൂരമായി ആക്രമിച്ചത്. കാട്ടുപോത്തിനെ ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരിൽ ചിലർ ഇതിനെ അനുഗമിച്ചിരുന്നു. ഇവരാണ് വർഗ്ഗീസിനെ മറ്റ് ആക്രമണങ്ങളിൽ നിന്ന് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഇവർ സഞ്ചരിച്ചിരുന്ന കാറിൻ്റെ ടയർ പഞ്ചറായതായും പിന്നീട് മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിക്കുകയുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

എന്നാൽ ഇങ്ങനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വർഗ്ഗീസിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ഈ പ്രദേശത്ത് ആദ്യമായാണ് ഇത്തരത്തിൽ വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാകുന്നത്. കാട്ടുപോത്തോ അതല്ലെങ്കിൽ മറ്റേതെങ്കിലും വന്യമൃഗങ്ങളോ എത്തിപ്പെടുന്ന പ്രദേശമല്ല ഇതെന്നും ആളുകൾ തിങ്ങിപ്പാർക്കുന്നിടത്ത് എങ്ങനെ ഇത്തരത്തിലുള്ള മൃഗങ്ങൾ എത്തുമെന്നും നാട്ടുകാർ ചോദിക്കുന്നു. വർഗ്ഗീസിനെ കുത്തിയ പോത്തിനെ നാട്ടുകാർ പിന്തുടന്നെങ്കിലും താഴ്ചയിലേക്ക് വീണ് പോത്ത് ചത്തു. ഇതിനോടൊപ്പം മറ്റൊരു പോത്തുകൂടി നാട്ടിലിറങ്ങിയിട്ടുള്ളതായി പ്രദേശവാസികൾ പറയുന്നു.

Post a Comment

0 Comments