banner

വിദ്യാലയങ്ങളിൽ ‘നേർവഴി’ പദ്ധതിയുമായി എക്സൈസ്; ലഹരിയെ ഉന്മൂലനം ചെയ്യുക ലക്ഷ്യം



തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നിന്ന് ലഹരിയെ ഉന്മൂലനം ചെയ്യാൻ ‘നേർവഴി’ പദ്ധതിയുമായി എക്സൈസ്. പുതിയ അദ്ധ്യായന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സ്കൂളുകളിലും കോളേജുകളിലും ലഹരി മുക്ത പരിപാടികൾക്ക് തുടക്കമിടുന്നത്. ലഹരി മൂലം വിദ്യാർത്ഥികളുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആദ്യം ശ്രദ്ധിക്കുന്നത് അധ്യാപകരാണ്. അതിനാൽ, അധ്യാപകരുടെ പങ്കാളിത്തത്തോടെയാണ് നേർവഴി പദ്ധതി ആരംഭിക്കുക.

വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അധ്യാപകർക്ക് കോളിലൂടെയോ, വാട്സ്ആപ്പ് സന്ദേശമായോ വിദ്യാർത്ഥിയെ കുറിച്ചുള്ള വിവരങ്ങൾ എക്സൈസ് കമ്മീഷണറേറ്റിൽ അറിയിക്കാവുന്നതാണ്. അധ്യാപകരിൽ നിന്ന് ഈ വിവരങ്ങൾ സ്വീകരിക്കാൻ എക്സൈസ് കമ്മീഷണറേറ്റിൽ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ട്. ലഹരി വിമോചന പദ്ധതിയായ വിമുക്തിയുടെ ഭാഗമാണ് നേർവഴി പദ്ധതിയും. അതിനാൽ, എക്സൈസ് കമ്മീഷണറേറ്റിൽ ലഭിക്കുന്ന വിവരങ്ങൾ വിമുക്തി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർമാർക്ക് കൈമാറുന്നതാണ്.

ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കുന്നതാണ്. ഇതിനായി വിദഗ്ധ പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തിൽ കൗൺസിലിംഗ്, ബോധവൽക്കരണം തുടങ്ങിയവ നടത്തുന്നതാണ്. അധ്യാപകർക്ക് പുറമേ, രക്ഷിതാക്കൾക്കും വിവരങ്ങൾ അറിയിക്കാവുന്നതാണ്. കഴിഞ്ഞ അദ്ധ്യായന വർഷത്തിൽ നേർവഴി പദ്ധതിയിലൂടെ 60 ഓളം കുട്ടികളെയാണ് കണ്ടെത്തിയിട്ടുള്ളത്.

Post a Comment

0 Comments