തിരുവനന്തപുരം : തിരുവനന്തപുരം - തൃശൂര്‍ റൂട്ടിലെ അറ്റകുറ്റപ്പണികള്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ച് തുടങ്ങി.
സ്പെഷല്‍ ട്രെയിനുകളടക്കം 15 സര്‍വ്വീസുകളാണ് പൂര്‍ണ്ണമായി റദ്ദാക്കിയത്. പാതയിലെ നവീകരണ ജോലികള്‍ നാളെയും തുടരുന്നതിനാല്‍ മറ്റന്നാള്‍ വരെ ട്രെയിന്‍ സര്‍വ്വീസുകളുടെ സമയക്രമത്തെ ബാധിക്കും.
തൃശൂര്‍ യാര്‍ഡിലും, ആലുവ അങ്കമാലി സെക്ഷനിലുമാണ് അറ്റകുറ്റപ്പണി നടക്കുന്നത്. മാവേലിക്കര ചെങ്ങന്നൂര്‍ പാതയില്‍ ഗര്‍ഡര്‍ നവീകരണവും പുരോഗണിക്കുകയാണ്.
4 ദിവസം മുന്‍പെ തന്നെ 15 ട്രെയിനുകള്‍ റദ്ദാക്കുന്നതായുള്ള റെയില്‍വെ അറിയിപ്പ് വന്നെങ്കിലും ഇതറിയാതെ എത്തിയ യാത്രക്കാര്‍ പലരും വലഞ്ഞു.
സര്‍വ്വീസുകള്‍ റദ്ദാക്കിയതിനാല്‍ നിലവിലെ ട്രെയിനുകള്‍ പലതും മണിക്കൂറുകള്‍ വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്. പരശുറാം, ഗരീബ് രഥ് തുടങ്ങിയ ദീര്‍ഘദൂര സര്‍വ്വീകളും, കൊല്ലം എറണാകുളം മെമു ഉള്‍പ്പടെയുള്ള ഹ്രസ്വ ദൂര സര്‍വ്വീസുകളുമാണ് റദ്ദാക്കിയത്.
തിരുവനന്തപുരം ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസടക്കം എറണാകുളം ജംഗ്ഷനില്‍ സര്‍വ്വീസ് അവസാനിപ്പിച്ചു. ഞായറാഴ്ചയായതിനാല്‍ സ്ഥിരം യാത്രക്കാരുടെ എണ്ണത്തിലെ കുറവ് ആശ്വാസമായി. എന്നാല്‍ സര്‍വ്വീസ് നടത്തുന്ന ട്രെയിനുകള്‍ വലിയ തിരക്കുണ്ട്. നാളെയും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഗരീബ് രഥ്, രാജറാണി,അമൃത എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
പാതയിലെ അറ്റകുറ്റപ്പണി നാളെയും തുടരും.
0 Comments