കൊച്ചി : കൊട്ടാരക്കര താലൂക്ക് ആശുപത്രില്‍ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി. രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാകാത്ത സംഭവവികാസങ്ങളെന്ന് കോടതി പറഞ്ഞു. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടൂവെന്നും കോടതി വിമര്‍ശിച്ചു. പോലീസിന്റെ കയ്യില്‍ തോക്കുണ്ടായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. എങ്ങനെ സുരക്ഷ ഒരുക്കണമെന്നത് പറഞ്ഞു തരേണ്ടത് കോടതിയല്ല. ആക്രമണങ്ങള്‍ ചെറുക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. കോട്ടയം സ്വദേശിനിയായ ഡോക്ടര്‍ വന്ദന ദാസാണ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്ക്കെത്തിയ കൊല്ലം സ്വദേശി സന്ദീപാണ് ഡോക്ടറെ ആക്രമിച്ചത്. ലഹരിക്കടിമയായ പ്രതി യാതൊരു പ്രകോപനവുമില്ലാതെ ഡോക്ടറെ ആക്രമിക്കുകയായിരുന്നു.പ്രതി അക്രമാസക്തനാകുന്നതുകണ്ട് ഭയന്ന ഡോക്ടര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ കഴുത്തിലും നെഞ്ചിലും പിന്‍ഭാഗത്തുമായി കുത്തി. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും എട്ടരയോടെ മരണം സംഭവിക്കുകയായിരുന്നു.
0 Comments