തിരുവനന്തപുരം : ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ ജീവനക്കാർ വീട്ടിലെ മാലിന്യം കൊണ്ടുതള്ളുന്നതായി സർക്കാർ. സെക്രട്ടറിയേറ്റ് വളപ്പിൽ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകളിൽ പച്ചക്കറിയുടെയും,ഇറച്ചിയുടെയും, മീനിന്റെയും അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ജീവനക്കാർ അവരുടെ ഗാർഹിക മാലിന്യങ്ങൾ സെക്രട്ടറിയേറ്റിൽ കൊണ്ട് തള്ളുകയാണെന്നും ദുർഗന്ധവും തെരുവുനായ ശല്യവും ഇത് സൃഷ്ടിക്കുകയാണെന്ന് ശുചീകരണ തൊഴിലാളികൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സംഗതി സത്യമാണെന്ന് സർക്കാരിന് ബോധ്യപ്പെട്ടത്. തുടർന്നാണ് വേസ്റ്റ് ബിന്നുകളെ സിസിടിവി പരിധിയിൽ കൊണ്ടുവരാനും പിടിക്കപ്പെട്ടാൽ കർശന നടപടിയെടുക്കാനും സർക്കാർ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറക്കി.
അതേസമയം മാലിന്യ ശേഖരണത്തിന് നഗരത്തിൽ സംവിധാനങ്ങളില്ലാത്തതിനാൽ ജീവനാക്കാരുൾപ്പെടെയുള്ള പൊതുജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും മറ്റുവഴികളില്ലാതെയാണ് മാലിന്യം സെക്രട്ടറിയേറ്റിൽ തള്ളുന്നതെന്നും വാദമുണ്ട്. എന്നാൽ പ്രോത്സാഹിപ്പിക്കാൻ കഴിയാത്ത മനോഭാവമാണിതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. സെക്രട്ടറിയേറ്റ് വളപ്പിൽ നായകൾക്ക് ഭക്ഷണം നൽകുന്നത് കർശനമായി ഉത്തരവ് വിലക്കുകയും ചെയ്യുന്നുണ്ട്.
0 Comments