banner

ഇതരസംസ്ഥാന തൊഴിലാളി ക്രൂര മർദനത്തിനിരയായി മരിച്ചു; മരണം ആൾക്കൂട്ട ആക്രമണത്തെ തുടർന്നാണെന്ന് പോലീസ്



ലപ്പുറം : കൊണ്ടോട്ടി കിഴിശ്ശേരിയിൽ ബിഹാർ സ്വദേശി കൊല്ലപ്പെട്ടത് ആൾക്കൂട്ട ആക്രമണത്തെ തുടർന്നാണെന്ന് പോലീസിന്റെ സ്ഥിരീകരണം. ഇതരസംസ്ഥാന തൊഴിലാളിയെ രണ്ടുമണിക്കൂറോളം ഉപദ്രവിച്ചെന്നും ഇതിനുശേഷം അനക്കമില്ലാതായതോടെയാണ് സമീപത്തെ കവലയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നതെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കള്ളനാണെന്ന് പറഞ്ഞാണ് പ്രതികൾ ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ചതെന്നാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി ഞായറാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്. ''കള്ളനാണെന്ന് പറഞ്ഞാണ് ഉപദ്രവിച്ചത്. എന്തിനുവന്നു, എവിടെനിന്നാണ് വന്നത് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചായിരുന്നു ഉപദ്രവം. പ്ലാസ്റ്റിക് പൈപ്പുകൾ, മാവിന്റെ കൊമ്പ് തുടങ്ങിയവ ഉപയോഗിച്ചാണ് മർദിച്ചത്. പുലർച്ചെ 12.15 മുതൽ 2.30 വരെ ഉപദ്രവം തുടർന്നു. അതിനുശേഷം അനക്കമില്ലാതായതോടെ വലിച്ചിഴച്ച് 50 മീറ്റർ അകലെയുള്ള അങ്ങാടിയിൽ എത്തിക്കുകയായിരുന്നു''- ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ശനിയാഴ്ച പുലർച്ചെ കിഴിശ്ശേരി-തവനൂർ റോഡിൽ ഒന്നാംമൈലിൽവെച്ചാണ് ബിഹാർ ഈസ്റ്റ് ചമ്പാരൻ സ്വദേശി രാജേഷ് മാഞ്ചി(36) മർദനമേറ്റ് കൊല്ലപ്പെട്ടത്. മോഷ്ടവാണെന്ന് ആരോപിച്ചാണ് ഇയാളെ നാട്ടുകാർ പിടികൂടി മർദിച്ചത്. ക്രൂരമർദനത്തിന് ശേഷം ഇയാൾ അവശനായതോടെ നാട്ടുകാർ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പുലർച്ചെ മൂന്നുമണിയോടെ പോലീസെത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കൊല്ലപ്പെട്ട രാജേഷിന്റെ ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. മർദനത്തിൽ ആന്തരികാവയവങ്ങൾക്കും മാരകമായി പരിക്കേറ്റെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ പട്ടാമ്പിയിൽ ജോലിചെയ്തിരുന്ന രാജേഷ് മാഞ്ചി രണ്ടുദിവസം മുമ്പാണ് കിഴിശ്ശേരിയിലെത്തി വാടക ക്വാർട്ടേഴ്സിൽ താമസം ആരംഭിച്ചത്. ഒരു കോഴിഫാമിലെ ജോലിക്കായാണ് ബിഹാർ സ്വദേശി ഇവിടെ വന്നതെന്നും പോലീസ് പറഞ്ഞു.

അതേസമയം, ബിഹാർ സ്വദേശി പ്രദേശത്തെ ഒരു വീടിന്റെ സൺഷേഡിന് മുകളിൽനിന്ന് വീഴുകയായിരുന്നുവെന്നും ശബ്ദം കേട്ടെത്തി ഇയാളെ പിടികൂടിയെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.

ഇതരസംസ്ഥാന തൊഴിലാളിയെ മർദിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ മൊബൈൽഫോണിൽ പകർത്തിയിരുന്നതായാണ് വിവരം. പിന്നീട് കേസുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും സൂചനയുണ്ട്. സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളിയെ കണ്ടെത്തിയ സ്ഥലത്തെ വീട്ടുടമ അടക്കമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്.

Post a Comment

0 Comments