കൊച്ചി : ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ആള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷന്‍ (എ. കെ. സി. ഡി. എ). ഡോക്ടറുടെ കുറിപ്പടിയില്ലാതെ യാതൊരു കാരണവശാലും ആന്റി ബയോട്ടിക്കുകള്‍ നല്‍കരുതെന്നും നിര്‍ദേശമുണ്ട്. ആന്റിബയോട്ടിക്കുകള്‍ക്കെതിരെ അണുക്കള്‍ പ്രതിരോധശേഷി നേടുന്നത് തടയാനുള്ള സര്‍ക്കാര്‍ പദ്ധതിയെ പിന്തുണച്ചാണ് ഈ നീക്കം.
കേരളത്തില്‍ കാല്‍ലക്ഷത്തോളം മരുന്നുകടകളാണുള്ളത്. നാലായിരത്തോളം മൊത്തക്കച്ചവടക്കാരും ഇരുപതിനായിരത്തിലേറെ മരുന്നുകടകളുമെന്നാണ് കണക്ക്. ഇവിടങ്ങളിലെല്ലാം നിര്‍ദേശം കര്‍ശനമായി പാലിക്കുമെന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് എ. കെ. സി. ഡി. എ.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കരുതെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്. എന്നാല്‍ അത് ഫലപ്രദമായിരുന്നില്ല. ജീവന്‍ രക്ഷാമരുന്നുകളായ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തുടരുന്നത് പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് കെമിസ്റ്റുകളുമായി ബന്ധപ്പെട്ടുവരികയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള വില്‍പന തടയല്‍.
സംസ്ഥാനത്ത് ഒരുവര്‍ഷം വില്‍ക്കുന്ന മരുന്നിന്റെ 12- 13 ശതമാനം ആന്റിബയോട്ടിക്കുകളാണെന്നാണ് കണക്ക്. ഏതാണ്ട് 1600 കോടിയുടെ മരുന്നുവില്‍പനയുണ്ട്. ദേശീയതലത്തിലും ഔഷധവ്യാപാരത്തിന്റെ 12 ശതമാനം ആന്റിബയോട്ടിക്കുകളാണ്.
ആന്റിബയോട്ടിക് പ്രതിരോധം നിരീക്ഷിക്കാന്‍ രാജ്യത്ത് ആദ്യമായി സംവിധാനമുണ്ടാക്കിയത് കേരളത്തിലാണ്. ഇതിന്റെ ഭാഗമായി ആന്റിബയോഗ്രാം റിപ്പോര്‍ട്ട് പുറത്തിറക്കുകയും ചെയ്തു. അണുക്കള്‍ വിവിധ ആന്റിബയോട്ടിക്കുകള്‍ക്കെതിരെ അഞ്ചുമുതല്‍ 84 ശതമാനം വരെ പ്രതിരോധം കൈവരിച്ചിട്ടുണ്ടെന്നാണ് കേരളത്തില്‍ നടക്കുന്ന പഠനത്തില്‍ തെളിയുന്നത്. അശാസ്ത്രീയ ഉപയോഗമാണ് മരുന്നിനെ പ്രതിരോധിക്കുന്ന അണുക്കളുടെ തോത് കൂടുന്നതിന് പ്രധാന കാരണം. മരുന്ന് ഫലിക്കാതായാല്‍ അണുബാധകളെ ചികിത്സിച്ചു നിയന്ത്രിക്കാനാകാതെ വരും. ചികിത്സാ കാലയളവ്, ചെലവ്, മരണനിരക്ക് എന്നിവയും ഉയരും.
0 Comments