banner

തൻ്റെ പി ആര്‍ ടീമിൽ ആരൊക്കെ? ചോദ്യത്തിന് കൃത്യമായി മറുപടിയുമായി കെകെ ശൈലജ ടീച്ചർ; ഇംഗ്ലീഷ് പത്രക്കാര്‍ക്ക് ബൈറ്റ് കൊടുക്കാത്തത് ട്രോളന്മാരെ പേടിച്ചിട്ടാണെന്നും മുൻ മന്ത്രി

കൊച്ചി : ആരോഗ്യ മന്ത്രിയായിരുന്നപ്പോഴുള്ള നേട്ടങ്ങള്‍ പി ആറിന്റെ ഭാഗമാണെന്ന ആരോപണങ്ങളോട് എനിക്ക് പി ആര്‍ ടീം അന്നുമില്ല ഇന്നുമില്ല. ഏത് ഏജന്‍സിയെ വച്ച് വേണമെങ്കിലും അന്വേഷിച്ചോ എന്ന് പ്രതികരിച്ച് കെ കെ ശൈലജ ടീച്ചർ. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ സംസാരിക്കുകയായിരുന്നു കെ കെ ശൈലജ.

"എനിക്ക് ഒരു പി ആര്‍ ടീം അന്നുമില്ല ഇന്നുമില്ല. നിങ്ങള്‍ ഏത് ഏജന്‍സിയെ വച്ച് വേണമെങ്കിലും അന്വേഷിച്ച് നോക്കിക്കോ. വലിയ ഇലക്ട്രോണിക് സംവിധാനം പോലും എന്റെ ഓഫീസില്‍ ഉണ്ടായിരുന്നില്ല. പുറത്തുനിന്ന് ആളുകള്‍ വിളിക്കാന്‍ തുടങ്ങിയപ്പോഴും ഓണ്‍ലൈന്‍ അഭിമുഖങ്ങളുമൊക്കെ നല്‍കേണ്ടി വന്നപ്പോഴും ആണ് എന്റെ ഓഫീസില്‍ ഒരു സ്‌ക്രീന്‍ ഇല്ലെന്ന് മനസ്സിലായത്”, ശൈലജ പറഞ്ഞു.

ഇംഗ്ലീഷ് ഭാഷ തനിക്കത്ര വശമില്ലെന്നും അതുകൊണ്ടു തന്നെ ഇംഗ്ലീഷില്‍ അഭിമുഖം കൊടുക്കുമ്പോള്‍ നല്ല പേടിയായിരുന്നു ശൈലജ അഭിമുഖത്തില്‍ പറഞ്ഞു. സാധാരണ മലയാളം പത്രത്തിന് അഭിമുഖം കൊടുക്കുന്ന സമയത്ത് ഇംഗ്ലീഷ് പത്രക്കാര്‍ ഒരു ബൈറ്റ് എന്ന് പറഞ്ഞ് വരും, ഞാന്‍ കൊടുക്കില്ലെന്നും. അതിനു കാരണം ട്രോളന്മാരെ പേടിച്ചിട്ടാണെന്നും ശൈലജ വ്യക്തമാക്കി.

ഏതെങ്കിലും ഒരു മാധ്യമത്തെ വച്ചോ ആളെ വച്ചോ പി ആര്‍ വര്‍ക്ക് ചെയ്തതല്ലെന്നും അവരുടെയെല്ലാം ഇടയില്‍ എങ്ങനെ അറിയപ്പെട്ടു എന്നത് അത്ഭുതമാണെന്നും ശൈലജ പറഞ്ഞു. “നേരിട്ട് വന്നതാണ്, അല്ലാതെ ആളെ വച്ച് പി ആര്‍ വര്‍ക്ക് ചെയ്തതല്ല. അതാണെന്റെ അത്ഭുതം. ഞാന്‍ എങ്ങനെ ഇവരുടെ ഇടയില്‍ അറിയപ്പെടുന്ന ആളായി എന്നുള്ളത് ഇപ്പോഴും എനിക്ക് അത്ഭുതമാണ്. 

സ്വാഭാവികമായിട്ടും ഒരു സന്ദര്‍ഭത്തില്‍ നമ്മള്‍ പ്രവര്‍ത്തിച്ചു, അതിനെ ആളുകള്‍ അംഗീകരിച്ചു. അറിയപ്പെടാന്‍ വേണ്ടി കരുതിക്കൂട്ടി ആസൂത്രണം ചെയ്ത് ഒരു സാധ്യതയുണ്ടാക്കി അറിയപ്പെട്ടതുമല്ല. ഞാന്‍ അത് കേട്ട് മതിമറന്നിട്ടുമില്ല. ഇതെല്ലാം ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ നമുക്ക് കിട്ടുന്ന പ്രശംസ മാത്രമാണ്, അത് എല്ലാക്കാലവും നിലനില്‍ക്കുന്നതല്ല”, ശൈലജ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments