banner

ടെക്നോപാര്‍ക്കില്‍ നിന്നു ജോലി കഴിഞ്ഞു മടങ്ങുന്ന യുവതികളെ കടന്നു പിടിക്കല്‍ ശീലം!, യുവാവ് പിടിയില്‍



തിരുവനന്തപുരം : ടെക്നോപാര്‍ക്കില്‍ ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നയാള്‍ പിടിയില്‍. കാച്ചാണി സ്വദേശി വിഷ്ണുവാണ് പിടിയിലായത്. നിരവധി ടെക്കി യുവതികളാണ് ഇയാളുടെ അതിക്രമത്തിനിരയായത്. ബൈക്കില്‍ കറങ്ങി ടെക്നോപാര്‍ക്ക് പരിസരത്ത് യുവതികളെ ഉപദ്രവിച്ചിരുന്നയാളാണ് പിടിയിലായത്. ഒരു മാസം മുന്‍പ് രാത്രി ഒരു മണിക്ക് ഇന്‍ഫോസിസിന് മുന്നില്‍ വച്ച് ഒരു യുവതിയെ ഇയാള്‍ കടന്നു പിടിച്ചിരുന്നു.

കഴക്കൂട്ടം, ശ്രീകാര്യം പോലീസ് സ്റ്റേഷന്‍ പരിധികളിലും സമാന രീതിയില്‍ ഇയാള്‍ യുവതികളെ ആക്രമിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കുളത്തൂര്‍ ഭാഗത്ത് വച്ച് ഇയാള്‍ ഒരു യുവതിയെ കടന്നു പിടിച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല. ഒരു മണിക്കൂറിനു ശേഷം വീണ്ടും മറ്റൊരു യുവതിയെ കടന്നു പിടിച്ച ഇയാളെ യുവതിയും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവച്ചതിന് ശേഷം തുമ്പ പോലീസിനു കൈമാറുകയായിരുന്നു.

തുമ്പ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാള്‍ക്കെതിരെ മൂന്ന് കേസുകളെടുത്തിട്ടുണ്ട്. പ്രതി സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറായ വിഷ്ണു ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയിലാണ് പതിവായി യുവതികളെ ആക്രമിച്ചിരുന്നത്. ഇതിന് മുമ്പും പോലീസിന് പരാതികള്‍ കിട്ടിയിരുന്നെങ്കിലും ആളെ പിടികിട്ടാത്തത് പോലീസിന് തലവേദനയായിരുന്നു. ആളെ തിരിച്ചറിയാതിരിക്കാന്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കി നമ്പര്‍ കാണാത്ത വിധം തിരിച്ചു വച്ചാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത്. യുവതികളെ കടന്നു പിടിച്ച ശേഷം ഒഴിഞ്ഞ സ്ഥലത്തെത്തി നമ്പര്‍ പ്ലേറ്റ് തിരികെ വച്ച ശേഷം രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി. പ്രതിയുടെ ബൈക്ക് മോഡല്‍ തിരിച്ചറിഞ്ഞ് പോലീസ് അന്വേഷണം നടത്തുന്നതിടിനെയാണ് ഇയാള്‍ പിടിയിലായത്.

Post a Comment

0 Comments