കർണാടകയിൽ വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസ് ലീഡ് നിലയിൽ മുന്നിട്ടുനിൽക്കുന്നു. 136 സീറ്റുകളിലാണ് നിലവിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 64 സീറ്റുകളിലും ജെഡി (എസ്) 20 സീറ്റുകളിലും മറ്റുള്ളവർ 4 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ലീഡ് ചെയ്യുന്ന പാർട്ടി സ്ഥാനാർത്ഥികളോട് ബെംഗളൂരുവിലെത്താൻ ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു. 224 മണ്ഡലങ്ങളിലായി 2613 സ്ഥാനാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.
5.3 കോടി വോട്ടര്‍മാരാണ് കർണാടകത്തിന്‍റെ വിധിയെഴുതിയത്. കോൺഗ്രസ് ഉയർത്തിയ അഴിമതി ആരോപണങ്ങൾ മധ്യ കർണടകയിൽ അടക്കം ഫലം കണ്ടിട്ടുണ്ട്. കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ കനകപുരയിൽ ഒരുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിപിഎം ഏറെ പ്രതീക്ഷ പുലർത്തിയ ബാഗേപ്പള്ളിയിൽ കോൺഗ്രസിനു പിന്നിൽ മൂന്നാം സ്ഥാനത്താണ്. നിർണായക ശക്തിയാകുമെന്നു കരുതുന്ന ജനതാദളി (എസ്) ന് അവരുടെ പഴയ പ്രകടനം കാഴ്ചവയ്ക്കാനായില്ല. 500, 1000 വോട്ടുകൾ മാത്രം ലീഡ് നിലയുള്ള 30 ൽ പരം സീറ്റുകളാകും അവസാന മണിക്കൂറുകളിലെ കക്ഷിനിലയിൽ നിർണായകമാകുക. 5 മണ്ഡലങ്ങളിൽ സ്വതന്ത്രരാണ് മുന്നിൽ. ഇവരിൽ പലരും കോൺഗ്രസിന്റെയോ ബിജെപിയുടെയോ റിബലുകളാണ്.
ബിജെപി മന്ത്രിമാരിൽ പലരും പിന്നിലാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ 5000 ൽ പരം വോട്ടിനു മുന്നിട്ടു നിൽക്കുന്നു. വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ മുന്നിലാണ്. ഹുബ്ബള്ളി–ധാർവാഡ് മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ പിന്നിലാണ്. ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ലീഡ് ചെയ്യുന്നു. കർണാടകയിലെ 224 മണ്ഡലങ്ങളിലേക്ക് ഈ മാസം 10നാണ് തിരഞ്ഞെടുപ്പ് നടന്നത്.
0 Comments