കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും ഇന്ന് ചുമതലയേൽക്കും. 25 മന്ത്രിമാരും ഇന്ന് ചുമതലയേൽക്കും. ബെംഗളൂരു ശ്രീകണ്ഠരവ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.ഒന്നര ലക്ഷം പേരെയാണ് ചടങ്ങിന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ വമ്പന്‍ വേദിയില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ തന്‍വീര്‍ ചന്ദ് ഗലോട്ട് കര്‍ണാടകയുടെ 24ാമത്തെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി പ്രിയങ്കാഗാന്ധി തുടങ്ങി കോണ്‍ഗ്രസിന്റെ ഏതാണ്ട് മുഴുവന്‍ നേതാക്കന്‍മാരും ബെംഗളുരുവിലെത്തും. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. കനത്ത സുരക്ഷയാണു സത്യപ്രതിജ്ഞയോട് അനുബന്ധിച്ചു ബെംഗളുരുവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം രംഗത്തെത്തി. സങ്കുചിതമായ നിലപാടെന്ന് പ്രകാശ് കാരാട്ടും അപക്വമായ തീരുമാനമെന്ന് എല്‍ഡിഎഫ് കണ്‍വീനറും കുറ്റപ്പെടുത്തി. സിപിഐഎം ജനറല്‍ സെക്രട്ടറിക്ക് ക്ഷണമുണ്ടല്ലോ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രതികരണം.
0 Comments