കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞ് സിപിഎം നേതാവും എംഎല്‍എയുമായ പി.വി.ശ്രീനിജന്‍. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വാടക നല്‍കിയില്ല എന്നാരോപിച്ചാണ് എംഎല്‍എ സിലക്ഷന്‍ ട്രയല്‍സ് തടഞ്ഞത്.
സിലക്ഷന്‍ ട്രയല്‍സ് നടക്കുന്ന കൊച്ചിയിലെ സ്‌കൂളിന്റെ ഗേറ്റ് എംഎല്‍എ പൂട്ടിയതോടെ, അവിടെ എത്തിയ നൂറിലധികം കുട്ടികളാണ് ഗേറ്റിനു പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നത്. തുടര്‍ന്ന് പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തി.
തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം.എട്ടു മാസത്തെ വാടകയായ എട്ടു ലക്ഷം രൂപ കിട്ടാനുണ്ടെന്ന് ആരോപിച്ചാണ് പി.വി.ശ്രീനിജന്‍ എംഎല്‍എ സിലക്ഷന്‍ ട്രയല്‍സ് തടഞ്ഞത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടര്‍ 17 ടീമിലേക്കുള്ള സിലക്ഷന്‍ ട്രയല്‍സാണ് പനമ്പിള്ളി നഗര്‍ സ്‌കൂളിലെ ഗ്രൗണ്ടില്‍ നടന്നിരുന്നത്. ഇതിനിടെയാണ്, സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വാടക നല്‍കിയില്ലെന്ന ആരോപണവുമായി എംഎല്‍എ സ്ഥലത്തെത്തിയത്.
സെലക്ഷന്‍ ട്രയല്‍സിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ കുട്ടികളെയും രക്ഷിതാക്കളെയും പ്രതിരോധത്തിലാക്കിയായിരുന്നു എംഎല്‍എയുടെ നടപടി. ഫുട്‌ബോള്‍ സ്വപ്നവുമായി ഞായറാഴ്ച്ച രാത്രി തന്നെ കൊച്ചിയിലെത്തിയ കുട്ടികളും കൂട്ടത്തിലുണ്ടായിരുന്നു. രാവിലെ സ്‌കൂളിലെത്തിയപ്പോഴാണ് ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടത്.
ഇതിനിടെയാണ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ പി.വി.ശ്രീനിജന്‍ എംഎല്‍എയാണ് ഗേറ്റ് പൂട്ടിയിട്ടതെന്ന് വ്യക്തമായത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കേരള ബ്ലാസ്റ്റേഴ്‌സ് നല്‍കാനുള്ള വാടക കുടിശികയായെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
0 Comments