മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തി എട്ടാം പിറന്നാൾ. തുടർഭരണമെന്ന ചരിത്രനേട്ടത്തിലേക്ക് എൽഡിഎഫിനെ നയിച്ച മുഖ്യമന്ത്രി. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കരുത്തോടെ, കരുതലോടെ പാർട്ടിയെ തോളിലേറ്റിയ സിപിഐഎം നേതാവ്. പ്രളയം, നിപ്പ, കൊവിഡ് തുടങ്ങിയ സമാനതകളില്ലാത്ത ദുരിതങ്ങളിൽ മലയാളിക്ക് കൈത്താങ്ങായി നിലകൊണ്ട ക്യാപ്റ്റനാണ് പിണറായി വിജയൻ.
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിറവി കൊണ്ട കണ്ണൂർ പിണറായിയിലെ മുണ്ടയിൽ കോരന്റേയും കല്യാണിയുടേയും പതിനാമത്തെ മകൻ, കഷ്ടപ്പാടുകളുടെ ബാല്യകൌമാരങ്ങൾ താണ്ടി മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനാകുമ്പോൾ പ്രായം പതിനേഴ്. 1097ൽ ഇരുപത്തി ആറാം വയസ്സിൽ കൂത്തുപറമ്പ് എംഎൽഎ. 2016ൽ ധർമടത്തുനിന്ന് ജയിച്ച് പതാനാലാമത് കേരള മുഖ്യമന്ത്രി. ഒന്നാം പിണറായി സർക്കാർ ചുമതലയേൽക്കുന്നതിന്റെ തലേന്നാളാണ് കേരളക്കര പിണറായി വിജയന്റെ ജന്മദിനം എന്നാണെന്ന് അറിയുന്നത്.
കൊവിഡ് കാലത്ത് എല്ലാ ദിവസവും വൈകിട്ട് ആറ് മണിക്ക് വിളിച്ചുചേർത്ത വാർത്താസമ്മേളനം പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ ഏറെ ജനപ്രിയനാക്കി. പ്രതിപക്ഷത്തെ വല്ലാതെ അങ്കലാപ്പിലാക്കിയ നീക്കം. കൃത്യം 7 മണിക്ക്, ഇന്നിത്രയും മതി എന്നുപറഞ്ഞ മൈക്ക് ഓഫാക്കുന്ന നേതാവിനെ കേരളത്തിന് അത്ര പരിചിതമായിരുന്നില്ല.
മാധ്യമങ്ങൾ നിരന്തരം വേട്ടയാടിയപ്പോഴും അചഞ്ചലനായി നിലകൊണ്ട നേതാവ്. മാധ്യമപ്രവർത്തകരെ കൃത്യമായ അകലത്തിൽ നിർത്തിയ ആപൂർവരാഷ്ട്രീയ പ്രവർത്തകൻ. ആരോപണങ്ങളും കേസുകളുമെല്ലാം സധൈര്യം നേരിട്ട ഭരണാധികാരിയാണ് അദ്ദേഹം.
നാടിന്റം സമഗ്രമായ വികസനത്തെ സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാടുള്ള നേതാവെന്ന് വിമർശകർ പോലും അംഗീകരിച്ച മുഖ്യമന്ത്രി. പൊതുവേ കാർക്കശ്യക്കാരൻ എന്നത് പരിവേഷം മാത്രമാണെന്നാണ് അടുപ്പമുള്ളവരുടെ അനുഭവം. അധികാരം മനുഷ്യനെ അഹങ്കാരിയാക്കി മാറ്റാറുണ്ട് എന്ന ചൊല്ലിനും പിണറായി വിജയന്റെ കാര്യത്തിൽ പ്രസക്തിയില്ല. കാരണം അന്നും ഇന്നും സഖാവ് ഇങ്ങനെയൊക്കെത്തന്നെ.
അതേസമയം പതിവ് പോലെ ആഘോഷങ്ങളിലാതെയാണ് മുഖ്യമന്ത്രിക്ക് പിറന്നാൾ ദിനം. രാവിലെ മന്ത്രിസഭാ യോഗവും പിന്നീട് ചില പൊതുപരിപാടികളും തലസ്ഥാനത്തുണ്ട്. പിണറായി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ 7 വർഷം പൂർത്തിയാകുകയാണ്.
0 Comments