banner

ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ മുന്നണിമാറ്റത്തിനില്ല!, സുധാകരയാവശ്യം തള്ളാൻ കേരളാ കോണ്‍ഗ്രസി(എം)ന് കാരണം എല്‍ഡിഎഫിലെ ഇരട്ട സീറ്റ് പ്രതീക്ഷ

കോട്ടയം : തല്‍ക്കാലം യു.ഡി.എഫിലേക്കില്ലെന്നു കേരളാ കോണ്‍ഗ്രസ് (എം) നേതൃത്വം വ്യക്തമാക്കിയിട്ടും പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ്. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കു തുടക്കമിട്ടത്. കേരള കോണ്‍ഗ്രസി(എം)നെ യു.ഡി.എഫിലേക്കു സ്വാഗതം ചെയ്ത അദ്ദേഹം, അതിനുള്ള എല്ലാ ശ്രമവും നടത്തുമെന്നും വ്യക്തമാക്കിയിരുന്നു. 

എന്നാല്‍, കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയുടെ അഭിവാജ്യഘടകമാണെന്നായിരുന്നു ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ മറുപടി. നേതൃത്വം നിലപാട് വ്യക്തമാക്കിയെങ്കിലും പാര്‍ട്ടി അണികളില്‍ ഇതുസംബന്ധിച്ചുണ്ടായ ആശയക്കുഴപ്പം െചറുതല്ല.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിനു പുറമേ ഇടുക്കി, പത്തനംതിട്ട സീറ്റുകളും ആവശ്യപ്പെടാനാണു കേരളാ കോണ്‍ഗ്രസി(എം)ന്റെ തീരുമാനം. രണ്ട് സീറ്റെങ്കിലും കിട്ടുമെന്നാണു പ്രതീക്ഷ. യു.ഡി.എഫിലെത്തിയാലും ഒരു സീറ്റേ കിട്ടാനിടയുള്ളൂ. അതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ മുന്നണിമാറ്റം ആരും പ്രതീക്ഷിക്കുന്നില്ല. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കേണ്ടിവരുന്ന മാത്രമല്ല കേരളാ കോണ്‍ഗ്രസിന് അധികനാള്‍ ഇടതുമുന്നണിയില്‍ നില്‍ക്കാന്‍ കഴിയില്ലെന്നാണു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.

കേരളാ കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയുടെ ഭാഗമാണെങ്കിലും പ്രവര്‍ത്തകര്‍ അത് ഉള്‍ക്കൊണ്ടിട്ടില്ലെന്ന പരാതി സി.പി.ഐ. അടക്കമുള്ള മറ്റ് ഘടകകക്ഷികള്‍ക്കുണ്ട്. പാലായില്‍ ഉള്‍പ്പടെ സി.പി.എമ്മുമായി തുടരുന്ന അഭിപ്രായഭിന്നതയും കേരളാ കോണ്‍ഗ്രസി(എം)ന്റെ ഭാവിരാഷ്ട്രീയനിലപാടില്‍ നിര്‍ണായകമാകും.

Post a Comment

0 Comments