banner

കൊല്ലം ബൈപ്പാസിലെ പാലങ്ങൾ അപകടകെണിയൊരുക്കുന്നു!, ഇരുവശങ്ങളിലുമായി ചെളിയും മണ്ണും; ഒന്നും ചെയ്യാനില്ലെന്ന് കൈ കഴുകി നിർമ്മാണ കമ്പനി


കൊല്ലം : ബൈപ്പാസിലെ പ്രധാന പാലങ്ങളായ നീരാവിൽ, മങ്ങാട് പാലത്തിൻ്റെ ഇരുവശങ്ങളിലുമായി ചെളിയും മണ്ണും കൂനകൂടുന്നത് അപകട ഭീതിയുയർത്തുന്നു. ഉയർന്നഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയാണ് ചെളിയും മണ്ണും ഇവിടെ കൂനകൂടുന്നത്. ഇതോടെ ഇരുചക്രവാഹന യാത്രികരാണ് കൂടുതലും ഭീതിയിലായിരിക്കുന്നത്. മങ്ങാട് പാലത്തിന് ഒരു വശത്തായി പുതിയ പാലത്തിൻ്റെ പണി കൂടി പുരോഗമിക്കുന്നതോടെ അപകട സാധ്യത ഏറെ ഉയർന്നതായി പ്രദേശവാസികളും പറയുന്നു.

യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാത്ത വിധമാണ് ചെളിയും മണ്ണും അടിഞ്ഞുകൂടുന്നത്. ഇവിടങ്ങളിൽ അടിയന്തിരമായി ബ്രേക്ക് പിടിക്കേണ്ടതായ സാഹചര്യമുണ്ടായാൽ ടയർ മണ്ണിൽപ്പെട്ട് വാഹനങ്ങളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യത ഏറെയാണ്. ഇത്തരത്തിൽ ചെളിക്കൂനകളിൽ തട്ടി മറിഞ്ഞ് ഇടയ്ക്കിടെ അപകടങ്ങൾ സംഭവിക്കാറുണ്ടെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാതെ കൈയ്യൊഴിയുകയാണ് നിർമ്മാണ കമ്പനി. പാലത്തിന്റെ തുടർ പരിപാലന കരാർ കാലാവധി അവസാനിച്ചെന്നും അതുകൊണ്ട് ഈ പ്രശ്നത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും നിർമ്മാണ കമ്പനിയധികൃതർ വിശദീകരിക്കുന്നു.

2018 അവസാനത്തോടെ പണി പൂർത്തീകരിച്ച പാലങ്ങൾ 2019 ജനുവരി 15 നാണ് ഗതാഗതത്തിനായി സജ്ജീകരിച്ച് തുറന്നു കൊടുത്ത്. ഇതിനായി സ്വീകരിച്ച പരിപാലന കരാർ നാല് വർഷത്തേക്കായിരുന്നു. ഈ വർഷം ആദ്യത്തോടെ കരാർ അവസാനിച്ചു. തുടർന്നാണ് പരിപാലനത്തിൽ നിന്ന് കമ്പനി പിന്മാറിയത്. എന്നാൽ പുതിയ കാരാർ വിളിച്ച് മൺസൂണിന് മുൻപ് പാലങ്ങളുടെ പരിപാലനം സുഗമമാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

Post a Comment

0 Comments