കൊല്ലം : കൊട്ടാരക്കരയിൽ ഡ്യൂട്ടിയ്ക്കിടെ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിൽ ജില്ലയിൽ ഇന്നും പ്രതിഷേധം ശക്തം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെയും കെ.ജി.എം.ഒ യുടെയും നേതൃത്വത്തിലാണ് പ്രതിഷേധം നടക്കും ഇതോടെ ജില്ലാ ആശുപത്രിയുൾപ്പെടെയുള്ള ആശുപത്രികളുടെ പ്രവർത്തനം മുക്കാലും നിലച്ച സ്ഥിതിയാണ്. അടിയന്തിര സേവനങ്ങൾ മാത്രമാണ് ആശുപത്രികളിൽ ലഭ്യമാകുന്നതെന്നാണ് ലഭിക്കുന്ന വിവരം. പ്രതിഷേധത്തിൽ വലയുന്നത് സാധാരണ ജനങ്ങളാണെന്നും സർക്കാർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും രോഗികൾ ആവശ്യപ്പെടുന്നു.
അതേ സമയം, കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഹൗസ് സര്‍ജന്‍ ഡോ.വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍ നടക്കും. വീട്ടുമുറ്റത്ത് തയാറാക്കിയ പ്രത്യേക പന്തലില്‍ രാവിലെ മുതല്‍ പൊതുദര്‍ശനം ആരംഭിച്ചു.
പോസ്റ്റോമോര്‍ട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും മൃതദേഹം ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചത്. വന്‍ ജനാവലിയാണ് വന്ദനയെ അവസാനമായി കാണാന്‍ എത്തിയത്. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിനു കാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് വന്ദന ദാസ് ആക്രമിക്കപ്പെടുന്നത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്‌കൂള്‍ അധ്യാപകനായ സന്ദീപ് വന്ദനയെ കത്രികകൊണ്ട് കുത്തുകയായിരുന്നു.
0 Comments