banner

മാനസികാരോഗ്യ പ്രശ്നങ്ങൾ!, കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകുന്നത് നിർത്താൻ ആവശ്യപ്പെട്ട് മുൻ ഷവോമി മേധാവി; മുന്നറിയിപ്പ് പങ്കുവെച്ചത് ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ


ജീവിതത്തിൽ ഏറെ സ്വാധീനമുള്ള ഇലക്ട്രോണിക്സ് ഉപകരണമാണ് സ്മാർട്ട്ഫോണുകൾ. മുതിർന്നവർക്ക് പുറമേ, ഇന്ന് കുട്ടികളും സ്മാർട്ട്ഫോണിന് അടിമകളായിട്ടുണ്ട്. പുസ്തകം വായനയിലും, കായിക മത്സരങ്ങളിലും സമയം ചിലവഴിക്കേണ്ട ബാല്യം ഇന്ന് സ്മാർട്ട്ഫോൺ ഗെയിമുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്.

ഇത് വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങളാണ് ഭാവിയിൽ കുട്ടികളിൽ ഉണ്ടാക്കുക. ഈ സാഹചര്യത്തിലാണ് ഷവോമി ഇന്ത്യയുടെ മുൻ മേധാവിയായ മനു കുമാർ ജെയിനിന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റ് വൈറലാകുന്നത്. മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ മുന്നറിയിപ്പ് നൽകുന്നതാണ് പോസ്റ്റിന്റെ ഉള്ളടക്കം.

നിങ്ങളുടെ കുട്ടിക്ക് സ്മാർട്ട്ഫോൺ നൽകുന്നത് നിർത്തുക’ എന്ന തലക്കെട്ടോട് കൂടിയാണ് മനു കുമാർ ജെയിനിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. സ്മാർട്ട്ഫോൺ ഉപയോഗത്തെക്കുറിച്ച് Sapien labs-ലെ റിപ്പോർട്ടിനെ ഉദ്ധരിച്ചു കൊണ്ടാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്. 10 വയസിന് മുൻപ് സ്മാർട്ട്ഫോണുമായി സമ്പർക്കം പുലർത്തുന്ന 60-70 ശതമാനം കുട്ടികളും, മുതിർന്നവരായിരിക്കുമ്പോൾ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. ഇവർ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതായി വരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

ഭക്ഷണം കഴിക്കാൻ മടി കാണിക്കുമ്പോഴും, അനാവശ്യ കാര്യങ്ങൾക്ക് കരയുമ്പോഴും കുട്ടികളുടെ കൈകളിലേക്ക് സ്മാർട്ട്ഫോൺ നൽകുന്ന ശീലം രക്ഷിതാക്കളിൽ വർദ്ധിച്ചിട്ടുണ്ട്. ഈ പ്രവണത പൂർണമായും നിർത്തണമെന്നും മനു കുമാർ ജെയിൻ വ്യക്തമാക്കി.

സ്മാർട്ട്ഫോണിലേക്ക് കുട്ടികളുടെ ചിന്ത ഒതുക്കുന്നതിനു പകരം പുറംലോകവുമായുള്ള സമ്പർക്കം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളാണ് രക്ഷിതാക്കൾ സ്വീകരിക്കേണ്ടത്. ഇത് കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനും, ശക്തിപ്പെടുത്താനും സഹായിക്കുന്നതാണ്.

കൂടുതൽ സമയം മൊബൈൽ സ്ക്രീനിന്റെ മുന്നിൽ ചെലവഴിക്കുന്നത് ആരോഗ്യപരമായും ഒട്ടനവധി തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്. അതേസമയം, താൻ സ്മാർട്ട്ഫോണുകൾക്കോ ടാബ്‌ലറ്റുകൾക്കോ എതിരല്ലെന്ന് ജെയിൻ വ്യക്തമാക്കിയിട്ടുണ്ട്. പകരം അവയുടെ സ്വാധീനം എത്രത്തോളമുണ്ട് എന്നതിനെ കുറിച്ചാണ് മുന്നറിയിപ്പ് നൽകുന്നത്. കൂടാതെ, കുട്ടികൾക്ക് സ്മാർട്ട്ഫോണുകൾ നൽകുമ്പോൾ ജാഗ്രത പാലിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്.

Post a Comment

0 Comments