തിരുവനന്തപുരം : കൂടൽ മാണിക്യം ക്ഷേത്രോത്സവത്തിൽ കഥകളി വേഷം കെട്ടിയാടിയതിൽ തനിക്ക് നേരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. താൻ ഒരു ഉറച്ച കമ്മ്യൂണിസ്റ്റാണെന്നും നിലപാടുകളിൽ ഒരിക്കലും വെള്ളം ചേർക്കാത്ത ഒരു കമ്മ്യൂണിസ്റ്റാണെന്നും മന്ത്രി പറയുന്നു. കമ്മ്യൂണിസ്റ്റ് ആണ് എന്നത് തന്റെ കലാസാഹിത്യതാത്പര്യങ്ങളെ ഒരുവിധത്തിലും തളർത്തുന്നില്ലെന്നും, മാനവികമായ ഒന്നും നമുക്ക് അന്യമല്ല എന്ന് പറഞ്ഞ മാർക്‌സിനെയാണ് തനിക്കിഷ്ടമെന്നും മന്ത്രി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
മന്ത്രി ആർ ബിന്ദുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
അതേ, ഞാൻ ഒരു ഉറച്ച കമ്മ്യൂണിസ്റ്റാണ്. നിലപാടുകളിൽ ഒരിക്കലും വെള്ളം ചേർക്കാത്ത ഒരു കമ്മ്യൂണിസ്റ്റ്.. അടുപ്പമുള്ളവർക്കെല്ലാം അതറിയാം. പക്ഷേ, അത് എന്റെ കലാസാഹിത്യതാത്പര്യങ്ങളെ ഒരുവിധത്തിലും തളർത്തുന്നില്ല. മാനവികമായ ഒന്നും നമുക്ക് അന്യമല്ല എന്ന് പറഞ്ഞ മാർക്‌സിനെയാണ് എനിക്കിഷ്ടം. പറഞ്ഞുവരുന്നത് എന്റെ കഥകളി അവതരണത്തെ കുറിച്ചാണ്. അതിനെ കുറിച്ച് അന്ന് തന്നെ എഴുതണം എന്ന് കരുതിയതാണ്. ഔദ്യോഗികമായ തിരക്കുകൾക്കിടയിൽ ഇതുവരെ കഴിഞ്ഞില്ല.
അരങ്ങിൽ സജീവമായിരുന്ന പഴയ കലാകാരിയെ വീണ്ടെടുക്കാൻ ഒരു ശ്രമം നടത്തിയത് സുഹൃത്ത്തുക്കൾക്കും സഖാക്കൾക്കും മറ്റു വേണ്ടപ്പെട്ടവർക്കും ഏറെ സന്തോഷമായിരുന്നു.ഒരു മന്ത്രി ഇങ്ങിനെ ചെയ്യാമോ എന്ന് പുരികം ചുളിച്ചവരും ഉണ്ട്. ഞാൻ എന്റെ ഉള്ളിലെ എന്നോട് നീതി ചെയ്തു എന്നു മാത്രം. മൂന്നാം വയസ്സിൽ നൃത്തം ചെയ്യാൻ ആരംഭിച്ചതാണ് ഞാൻ. നാലാം വയസ്സിൽ കാളിയമർദ്ദനത്തിലെ ഉണ്ണികൃഷ്ണനായി അരങ്ങേറി. പ്രകടനം കഴിഞ്ഞപ്പോൾ കാഴ്ച്ചക്കാരായ അമ്മമാരെല്ലാം വന്ന് കെട്ടിപ്പിടിച്ച് ഉമ്മ തന്നതോർമ്മയുണ്ട്.
പത്ത് വർഷം നൃത്തം പഠിച്ച ശേഷമാണ് കഥകളി പഠിക്കുന്നത്. ചെങ്കൊടി പ്രസ്ഥാനത്തിലേക്ക് കൈ പിടിച്ച് കൊണ്ടുപോയ അച്ഛൻ തന്നെയാണ് കഥകളി പഠിപ്പിക്കാൻ രാഘവൻആശാനെ ആശാനെ ഏൽപ്പിക്കുന്നത്. പിന്നെ പത്ത് കൊല്ലം ആശാന്റെ നാലു മക്കളോടൊപ്പം അഞ്ചാമത്തെ മകളായി ഞാനും അദ്ദേഹത്തിന്റെ കൂട്ടത്തിൽ കൂടി. അനവധി മറക്കാനാവത്ത അരങ്ങുകൾ, യാത്രകൾ, സ്നേഹസൗഹൃദ മുഹൂർത്തങ്ങൾ ആ കാലത്ത് എന്റെ ജീവിതത്തിലുണ്ടായി.
വിദ്യാഭ്യാസവും വിവാഹവും കഴിഞ്ഞ് കുടുംബജീവിതവും ഔദ്യോഗിക ജീവിതവും രാഷ്ട്രീയസംഘടനാജീവിതവും ഉയർത്തിയ നാനാമുഖസംഘർഷങ്ങൾക്ക് നടുവിൽ മരവിച്ചു പോയ എന്റെ കലാജീവിതത്തെ വീണ്ടെടുക്കാനായത് വീണ്ടും ഇരിങ്ങാലക്കുടയിൽ എത്തിയത് കൊണ്ടാണ്.
പഴയ എസ് എഫ് ഐ ക്കാലത്തെ സഹപ്രവർത്തകൻ കൂടൽമാണിക്യം ദേവസ്വത്തിന്റെ ചെയർമാൻ പ്രദീപും എന്റെ പ്രിയ ഗുരുവും സ്നേഹപൂർവ്വം നിർബന്ധിച്ചപ്പോൾ “നോക്കാം” എന്ന് പറഞ്ഞുപോയി. മൂന്നു നാലു ദിവസം ഔദ്യോഗികപരിപാടികൾക്കിടയിൽ ഉച്ച നേരത്തെ ഇടവേളകളിൽ ആശാനോടൊപ്പം ചെയ്തുനോക്കി. ഒന്നും മറന്നിരുന്നില്ല. ആശാന് ആത്മവിശ്വാസമായി. അങ്ങിനെ അത് സംഭവിച്ചു. മുപ്പതു വര്ഷത്തിനു ശേഷം വീണ്ടും ഞാൻ അരങ്ങിൽ എത്തി.
ഏറെ പേരോട് നന്ദി രേഖപ്പെടുത്താനുണ്ട്. ബിന്ദുച്ചേച്ചിയുടെ കളി നന്നാവാൻ സർവ്വത്മനാ സഹകരിച്ച എന്റെ ആശാന്റെ മക്കൾ, ജയശ്രീ, ജയന്തി, രാജീവ് എന്ന കുട്ടൻ, ആത്മവിശ്വാസം പകർന്ന് കൂടെ നിന്ന ബീനച്ചേച്ചി, പിന്നണിയിൽ നന്നായി പ്രവർത്തിച്ച ഗായകർ കലാനിലയം രാജീവൻ, വേങ്ങേരി നാരായണൻ,കലാനിലയം പ്രകാശൻ (മദ്ദളം), കലാമണ്ഡലം ശ്രീരാജ് ( ചെണ്ട ), നന്ദകുമാർ (ഇടക്ക) എന്നിവർക്ക് നന്ദി. ദമയന്തിയാക്കി ഒരുക്കിയ സുരേഷ് തോട്ടറയുടെ അപാരമായ സർഗ്ഗശേഷിയിൽ വലിയ സന്തോഷം, സ്നേഹം. കലാമണ്ഡലം ശ്രീറാം, അണിയറ കൈകാര്യം ചെയ്ത ഊരകം നാരായണൻ നായർ എന്ന എം എൻ ചേട്ടൻ, കലാമണ്ഡലം മനേഷ് എന്നിവർക്കും നിറഞ്ഞ നന്ദി.
കല ആനന്ദമാണ്, അവതരിപ്പിക്കുന്നവർക്കും അനുഭവിക്കുന്നവർക്കും. ഈ കളി എന്റെ ഗുരുദക്ഷിണയാണ്. എന്റെ പ്രിയ ഗുരുനാഥനും മാതൃകാ വനിതയായ അദ്ദേഹത്തിന്റെ പത്നി സരസ്വതി അമ്മക്കുമുള്ള എന്റെ വിനീതമായ ഗുരുദക്ഷിണ. സാമ്പ്രദായിക സങ്കൽപ്പനങ്ങളുടെ ഊതിവീർപ്പിച്ച കുമിളകൾ പൊട്ടിച്ചു കളയുന്നതിൽ എനിക്കുള്ള കുറുമ്പുകലർന്ന കൗതുകവും ഈ പ്രകടനത്തിൽ ഉൾച്ചേർന്നിട്ടുണ്ട് എന്നും വിനയപൂർവ്വം…..
0 Comments