banner

മോഡി തോറ്റു, കോൺഗ്രസ് ജയിച്ചു; ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിക്കുമെന്ന് ജയറാം രമേശ്



ന്യൂഡൽഹി : കർണാടകയിലെ കോൺഗ്രസ് മുന്നേറ്റത്തിൽ പ്രതികരിച്ച് പാർട്ടി വക്താവും മുതിർന്ന നേതാവുമായ ജയറാം രമേശ്. 'പ്രധാനമന്ത്രിയുടെ ഹിതപരിശോധന പോലെയായിരുന്നു കർണാടകയിൽ ബി.ജെ.പിയുടെ പ്രചാരണം. അത് കർണാടക ജനത തള്ളിക്കളഞ്ഞിരിക്കുന്നു. കോൺഗ്രസ് വിജയിച്ചു, പ്രധാനമന്ത്രി നരേന്ദ്ര മോഡി പരാജയപ്പെട്ടുവെന്നാണ് കർണാടകയിലെ ട്രെൻഡുകൾ നൽകുന്ന സൂചന'യെന്ന് അദ്ദേഹം പറഞ്ഞു.
 സാധാരണ ജനങ്ങളുടെ ജീവിതം, ഭക്ഷ്യസുരക്ഷ, വിലക്കയറ്റം, കർഷകരുടെ പ്രശ്‌നങ്ങൾ, വൈദ്യുതി വിതരണം, തൊഴിലില്ലായ്മ, അഴിമതി എന്നിങ്ങനെ പ്രാദേശിക വിഷയങ്ങളാണ് കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ മുന്നോട്ടു വെച്ചത്. എന്നാൽ, ഭിന്നിപ്പ് പടർത്തി ധ്രുവീകരണമുണ്ടാക്കാനാണ് പ്രധാനമന്ത്രി മോഡി ശ്രമിച്ചത്. 
 സാമ്പത്തിക വളർച്ചയും സാമൂഹിക സൗഹാർദവും സമന്വയിപ്പിക്കുന്ന ബെംഗളൂരുവിന്റെ വളർച്ച കരുത്തുപകരുന്ന എൻജിനാണെന്നും കർണാടകയിലെ വിജയം ദേശീയ രാഷ്ട്രീയത്തിലും വലിയ പ്രതീക്ഷയും പ്രചോദനവും പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.
 224 അംഗ സഭയിൽ 129 സീറ്റുകളിലാണ് കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നത്. ബി.ജെ.പി 70 സീറ്റിലും ജെ.ഡി.എസ് 20 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. അഞ്ചു സീറ്റുകളിൽ മറ്റുള്ളവരും മുന്നേറ്റം തുടരുന്നു. 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

Post a Comment

0 Comments