തിരുവനന്തപുരം : ടെലിവിഷനിലെ അന്തിച്ചര്‍ച്ചയില്‍ ഉപയോഗിക്കുന്ന ഭാഷ കേട്ടാല്‍ സ്റ്റുഡിയോയില്‍ വന്ന് മാധ്യമപ്രവര്‍ത്തകരുടെ ചെപ്പക്കുറ്റി അടിക്കാന്‍ തോന്നിപ്പോകുമെന്നും താന്‍ എം എല്‍ എ അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇതിനകം തന്നെ അടിച്ചേനെയെന്നും നിലമ്പൂര്‍ എം.എല്‍.എ പി വി അന്‍വര്‍.
മാധ്യമങ്ങളോട് പകയില്ലെങ്കിലും ചില മാധ്യമപ്രവര്‍ത്തകരുടെ നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയില്ല. എത്ര കേട്ടാലും നന്നാവില്ല എന്ന് തീരുമാനിച്ച പത്രപ്രവര്‍ത്തകര്‍ കേരളത്തിലുണ്ട്. 'മാപ്രാ' വിഭാഗത്തിലെ ഇത്തരക്കാരുടെ അധാര്‍മികത വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ടെലിവിഷന്‍ ചാനല്‍ നടത്തിയ ' ജനകീയ കോടതി ' എന്ന ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി വി അന്‍വര്‍. ഇന്ധന സെസ് വര്‍ധനയ്ക്കെതിരായ പ്രതിപക്ഷ സമരങ്ങള്‍ക്ക് നേരെയുള്ള പി വി അന്‍വറിന്റെ ഫെയ്‌സ് ബുക്കിലെ പരിഹാസങ്ങളെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് നേരെയാണ് പി വി അന്‍വര്‍ രൂക്ഷമായി പ്രതികരിച്ചത്. തനിക്കെതിരായ ആരോപണങ്ങള്‍ വ്യക്തിപരമാകുമ്പോള്‍ ഫേസ്ബുക്കിലൂടെ വ്യക്തിപരമായി തന്നെ തിരിച്ചടിക്കുമെന്ന് പി വി അന്‍വര്‍ പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് എന്തുമാകാം എന്ന ധാരണ പാടില്ല. വി.ഡി സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവിന്റെ പണം അക്കൗണ്ടില്‍ പറ്റുന്നവരാണ് മാധ്യമങ്ങളെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതിന്റെ തെളിവുകള്‍ അടുത്ത ആഴ്ചയോടെ പുറത്തുവിടുമെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
0 تعليقات