banner

15000 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിന് പിന്നില്‍ ആര്?; പാകിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പെന്ന് സംശയം



കൊച്ചി : കൊച്ചി പുറംകടലില്‍ കപ്പലില്‍ നിന്ന് 15,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവം അതീവ ഗുരുതരമെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പഴുതടച്ച അന്വേഷണമാണ് നടത്തുന്നത്. മയക്കുമരുന്ന് കടത്തില്‍ അറസ്റ്റ് ചെയ്ത പാകിസ്ഥാന്‍ സ്വദേശി സുബൈറിനെ എന്‍.സി.ബി സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇയാളുടെ കൂട്ടാളികള്‍ ആരെല്ലാം, എവിടേക്കാണ് കടത്തിയത്, മയക്കുമരുന്ന് കടത്തിലെ സാമ്പത്തിക ഇടപാട്, അന്താരാഷ്ട്ര ബന്ധം തുടങ്ങിയവയെല്ലാം എന്‍.സി.ബി. അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞദിവസമാണ് കൊച്ചി പുറംകടലില്‍ കപ്പലില്‍ കടത്തുകയായിരുന്ന 2500 കിലോ മെത്താംഫെറ്റമിന്‍ മയക്കുമരുന്ന് എന്‍.സി.ബി.യും നാവികസേനയും ചേര്‍ന്ന് പിടിച്ചെടുത്തത്. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വിപണിമൂല്യമുള്ള ലഹരിവേട്ടയായിരുന്നു ഇത്. അതേസമയം, നാവികസേനയും എന്‍..സി.ബി.യും പിന്തുടരുന്നവിവരം മനസിലാക്കിയ ലഹരിക്കടത്തുകാര്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന കപ്പല്‍ മുക്കാന്‍ ശ്രമിച്ചതായാണ് വിവരം. കപ്പല്‍ മുക്കിയശേഷം ഇതിലുണ്ടായിരുന്നവര്‍ ബോട്ടുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിലൊരു ബോട്ടിനെ പിന്തുടര്‍ന്നാണ് പാകിസ്ഥാന്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്.

Post a Comment

0 Comments