തൃശൂർ : സിനിമ നിർമാതാവ് പി കെ ആർ പിള്ള അന്തരിച്ചു. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി മലയാളത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരു പിടി ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചത് പി കെ ആർ പിള്ളയായിരുന്നു. എറണാകുളം കൂത്താട്ടുകുളം സ്വദേശിയായ പി.കെ.ആർ പിള്ള ബിസിനസ് തകർന്നതോടെ തൃശ്ശൂരിൽ താമസമാക്കുകയായിരുന്നു.
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഉൾപ്പെടെ ബോക്‌സോഫീസിൽ ചരിത്രം തിരുത്തിക്കുറിച്ച് മുന്നേറിയ സിനിമകളുടെ സൃഷ്ടാവ് അവസാന നാളുകളിൽ മരുന്നിനും ഭക്ഷണത്തിനും പോലും വകയില്ലാത്ത അവസ്ഥയിലായിരുന്നത് നേരത്തെ വാർത്തകളിൽ ഇടംനേടിയിരുന്നു. മുംബൈയിലായിരുന്നു ബിസിനസ്. മുംബൈ മുനിസിപ്പാലിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ചരിത്രവും പിളളയ്ക്കുണ്ട്. ഇന്ദിരഗാന്ധിയുമായി അടുത്ത സൗഹൃദവും പിളളയ്ക്കുണ്ടായിരുന്നു. 20 വർഷത്തിനിടെയാണ് 22 സിനിമകൾ അദ്ദേഹം നിർമ്മിച്ചത്. 12 വർഷം മുൻപാണ് ബിസിനസ് തകർന്നതോടെ തൃശൂരിൽ താമസമാക്കിയത്.
1984ൽ നിർമ്മിച്ച വെപ്രാളം ആയിരുന്നു പികെആർ പിള്ളയുടെ ആദ്യചിത്രം. പിന്നീട് ഓണത്തുമ്പിക്കൊരൂഞ്ഞാൽ, പുലി വരുന്നേ പുലി, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ തുടങ്ങി പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ നിരവധി ചിത്രങ്ങൾ നിർമ്മിച്ചു.
0 Comments