ബംഗളുരു : കനത്ത മഴ ബംഗളുരു നഗരത്തിൽ വലിയ നാശം വിതയ്ക്കുന്നു. ബംഗളുരു നഗരത്തിലെ അടിപ്പാതയിൽ വെള്ളത്തിൽ കാർ മുങ്ങി യാത്രക്കാരി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരി ഭാനു രേഖ (22) ആണ് മരിച്ചത്. ഇതിന് പിന്നാലെ ബംഗളുരു നഗരത്തിൽ കെട്ടിടം ഇടിഞ്ഞു താഴ്ന്നും അപകടമുണ്ടായി. ബംഗളുരു വിദ്യാരണ്യ പുരയിലാണ് മഴയിൽ കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. ഇവിടെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർ ഫോഴ്‌സും പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തുകയാണ്. സുരക്ഷിതമായി കെട്ടിട അവശിഷ്ടങ്ങൾ മാറ്റാൻ ശ്രമിക്കുകയാണ് രക്ഷാ സേന.
നേരത്തെ കനത്ത മഴയിൽ കർണാടക നിയമസഭയുടെ തൊട്ടടുത്തുള്ള കെ ആര്‍ സര്‍ക്കിളിലെ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടിൽ കാർ മുങ്ങിയാണ് ഇന്‍ഫോസിസ് ജീവനക്കാരിയായ ഭാനു മരിച്ചത്. മരിച്ച യുവതിയുടെ കുടുംബാംഗങ്ങളെ കാണാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി. ഭാനുരേഖയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും മറ്റ് കുടുംബാംഗങ്ങൾക്ക് സൗജന്യ ചികിത്സയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അതേസമയം ബെംഗളൂരുവിൽ കനത്ത മഴയും ഇടിമിന്നലും തുടരുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്.
കേരളത്തിലും വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് വ്യക്തമാകുന്നത്. മെയ് 21 മുതൽ 25 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
0 Comments