banner

ഇതിഹാസ മൃദംഗ വിദ്വാൻ കാരൈക്കുടി ആർ മണി അന്തരിച്ചു; പതിനെട്ടാം വയസ്സിൽ ആദ്യ ദേശീയ പുരസ്കാരം; അൻപത് വർഷത്തിലേറെയായി മുഴങ്ങി കേട്ട താളം നിലച്ചു



ചെന്നൈ : മൃദംഗ വിദ്വാൻ കാരൈക്കുടി ആർ മണി അന്തരിച്ചു. 77 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. കർണാടക സംഗീത ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു ആർ മണി. അൻപത് വർഷത്തിലേറെയായി  കർണാടക സംഗീത ലോകത്ത് അദ്ദേഹത്തിൻ്റെ മൃദംഗ താളം മുഴങ്ങിക്കേൾക്കുന്നുണ്ട്.

എം എസ് സുബ്ബുലക്ഷ്‌മി, മധുര സോമു, ഡി കെ പട്ടമ്മാൾ, ലാൽഗുഡി ജയരാമൻ, എം എൽ വസന്തകുമാരി, ടി എം കൃഷ്‌ണ, ടി എം ത്യാഗരാജൻ, ഡി കെ ജയരാമൻ, സഞ്ജയ് സുബ്രഹ്മണ്യൻ തുടങ്ങിയ പ്രഗൽഭരായ സംഗീതജ്ഞർക്ക് വേണ്ടി അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്. കാരൈക്കുടി രംഗ അയ്യനാഗറിൽ നിന്നും പിന്നീട് വിക്കു വിനായഗരത്തിന്റെ പിതാവ് ഹരിഹര ശർമ്മയിൽ നിന്നുമാണ് അദ്ദേഹം സംഗീതം പഠിച്ചത്. കുട്ടിക്കാലം മുതൽ മൃദംഗം അഭ്യസിച്ചിരുന്ന അദ്ദേഹത്തെ തേടി പതിനെട്ടാം വയസ്സിൽ ആദ്യ ദേശീയ പുരസ്കാരമെത്തി.

പുതു തലമുറയിലേയ്ക്ക് സംഗീതം പകർന്നു നൽകുന്നതിനായി 1986ൽ ശ്രുതിലയ സേവാ സംഗീത സ്കൂൾ സ്ഥാപിച്ചു. നിരവധി വിദേശ രാജ്യങ്ങളിൽ ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. തനിയാവർത്തനം എന്ന പേരിൽ ലോകമെമ്പാടും അദ്ദേഹം പരിപാടികൾ അവതരിപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മരണം സംഭവിച്ചത്. നാളെ രാവിലെ 11 മണിക്ക് ബസന്ത് നഗർ വൈദ്യുത ശ്മശാനത്തിലാണ് സംസ്കാരം.

Post a Comment

0 Comments