banner

ശബരിമല നട തുറന്നു; ഇടവമാസ പൂജകൾക്ക് ഇന്ന് മുതൽ തുടക്കം



പത്തനംതിട്ട : ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി വി. ജയരാമൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചു. ഇന്നലെ വിശേഷാൽ പൂജകൾ ഉണ്ടായിരുന്നില്ല. അതേസമയം, നട തുറന്നത് മുതൽ വൻ ഭക്തജന തിരക്കാണ് ക്ഷേത്ര സന്നിധിയിൽ അനുഭവപ്പെട്ടത്. ഇടവമാസ പൂജകൾ ഇടവം ഒന്നായ ഇന്ന് മുതലാണ് ആരംഭിക്കുന്നത്. പുലർച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നട തുറന്നതോടെ ഇടവമാസ പൂജകൾക്ക് തുടക്കമായി.

നിർമ്മാല്യദർശനം, പതിവ് അഭിഷേകം, ഗണപതിഹോമം, നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷപൂജ, ഉദയാസ്തമയ പൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഇന്ന് മുതൽ ഉണ്ടായിരിക്കുന്നതാണ്. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത ഭക്തർക്ക് ക്ഷേത്രദർശനത്തിനായി എത്തിച്ചേരാവുന്നതാണ്. കൂടാതെ, നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഞ്ച് ദിവസത്തെ പൂജകൾ പൂർത്തിയാക്കിയതിനു ശേഷം ക്ഷേത്രനട മെയ് 19ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. പ്രതിഷ്ഠാദിന പൂജകൾക്കായി മെയ് 29ന് വൈകുന്നേരം നട വീണ്ടും തുറക്കുന്നതാണ്. മെയ് 30നാണ് പ്രതിഷ്ഠാദിനം.

Post a Comment

0 Comments