തിരുവനന്തപുരം : പരീക്ഷാനടത്തിപ്പിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് ഹയര്‍ സെക്കന്‍ഡറി അധ്യാപകന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശിക്ഷ. കണ്ണൂര്‍ പയ്യന്നൂര്‍ ഗവ. ഗേള്‍സ് എച്ച്.എസ്.എസിലെ മലയാളം അധ്യാപകന്‍ പി. പ്രേമചന്ദ്രനെ പരസ്യമായി ശാസിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ്. പരീക്ഷാനടത്തിപ്പിനെക്കുറിച്ച് വിമര്‍ശനം നടത്തിയെന്നും വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശങ്ക വളര്‍ത്തി സര്‍ക്കാരിനെതിരേയാക്കാന്‍ ശ്രമിച്ചെന്നുമാണ് കുറ്റാരോപണം.
സര്‍ക്കാര്‍ നയങ്ങളെ സാമൂഹികമാധ്യമത്തില്‍ കുറ്റപ്പെടുത്തിയ പ്രേമചന്ദ്രന്‍ 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചു. അതിനാല്‍ 'ശാസന' എന്ന ശിക്ഷ നല്‍കി അച്ചടക്കനടപടി എടുക്കുന്നതായി ഉത്തരവില്‍ പറയുന്നു.
31-നു വിരമിക്കാനിരിക്കെയാണ് അച്ചടക്കനടപടി. 2022-ലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഫോക്കസ് ഏരിയയ്ക്കു പുറത്തുനിന്നും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് അദ്ദേഹം ചോദ്യം ചെയ്തത്.
തുടര്‍ന്ന്, 'സി.ബി.എസ്.ഇ.യുടെ മുട്ടിലിഴയേണ്ടിവരും ഇക്കുറി കേരളത്തിലെ കുഞ്ഞുങ്ങള്‍' എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ കുറിപ്പിട്ടു. അധ്യാപകസംഘടനകള്‍ ഉള്‍പ്പെടെ പ്രശ്നം ഏറ്റെടുക്കുകയും പരീക്ഷാനടത്തിപ്പിനെതിരേ പ്രതിഷേധം ഉയരുകയും ചെയ്തു. തുടര്‍ന്ന്, തീരുമാനം സര്‍ക്കാര്‍ തിരുത്തിയിരുന്നു.കെ.എസ്.ടി.എ. പ്രവര്‍ത്തകനായ പ്രേമചന്ദ്രന്‍ വിദ്യാഭ്യാസ വിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്. 2010-ല്‍ മികച്ച വിദ്യാഭ്യാസ ലേഖനത്തിനുള്ള സര്‍ക്കാര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.
അതേസമയം അക്കാദമിക് വിമര്‍ശനം ക്രിമിനല്‍ കുറ്റമല്ലെന്നും അച്ചടക്കനടപടി ചോദ്യം ചെയ്യുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
0 Comments