കൊച്ചി : കിഴക്കമ്പലത്ത് വൈദികന്‍റെ കറുത്ത വസ്ത്രം ധരിച്ച് പള്ളികളിൽ മോഷണം നടത്തിയ അടിമാലി സ്വദേശിയെ തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. മലയിടംതുരുത്ത് സെയ്ന്‍റ് മേരീസ് യാക്കോബായ പള്ളിയിലാണ് അടിമാലി സ്വദേശിയായ പത്മനാഭൻ മോഷണം നടത്തിയത്. പള്ളിമുറിയിൽ സൂക്ഷിച്ചിരുന്ന 40,000 രൂപ ഇയാൾ മോഷ്ടിക്കുകയായിരുന്നു. മുമ്പും നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ പത്മനാഭൻ. ഇതേ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് മലയിടംതുരുത്ത് പള്ളിയിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസിന് തെളിഞ്ഞത്.
കഴിഞ്ഞ ഏപ്രിൽ അഞ്ചിന് വൈകിട്ട് പള്ളിയുടെ സമീപമെത്തിയ പ്രതി സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. അന്ന് പെസഹാ ദിവസമായതിനാൽ പ്രാർഥനകൾ നടക്കുകയായിരുന്നതിനാൽ വിശ്വാസികൾ വീടുകളിലേക്ക് പോയശേഷം രാത്രി ഒരു മണിക്ക് ഇയാൾ പള്ളിയിലെത്തി മോഷണം നടത്തുകയായിരുന്നുവെന്ന് പ്രതി പോലീസിനോടു പറഞ്ഞു. ശേഷം വൈദികവസ്ത്രവും മറ്റും അവിടെ ഉപേക്ഷിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
വൈദികന്‍റെ കുപ്പായവും വൈഫൈ റൂട്ടറും കുറ്റിക്കാട്ടിൽ നിന്നും പണം സൂക്ഷിച്ചിരുന്ന ബാഗ് വാടകവീട്ടിൽ നിന്നും പോലീസ് കണ്ടെത്തി. ഇന്നലെ പ്രതിയെ പള്ളിയിൽ തെളിവെടുപ്പിനു കൊണ്ടുവരുമെന്നതറിഞ്ഞ് ഇടവകാംഗങ്ങളും പള്ളി ഭാരവാഹികളും നാട്ടുകാരും പള്ളിപരിസരത്ത് തടിച്ചുകൂടിയിരുന്നു. തടിയിട്ടപറമ്പ് പോലീസ് സിപിഒ വി.എം. കേഴ്‌സൺ, എസ്ഐമാരായ പിഎം റഫീഖ്, കെ ഉണ്ണികൃഷ്ണൻ, എഎസ്ഐ സിഎ ഇബ്രാഹിംകുട്ടി, സി.പി.ഒ.മാരായ അൻസാർ, വിനോദ് തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
0 Comments