banner

മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഉടൻ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്; അറസ്റ്റ് നിയമവിരുദ്ധമെന്ന് കോടതി വിലയിരുത്തൽ!

അഴിമതിക്കേസില്‍ തടവിലായ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ആശ്വാസമായി സുപ്രീംകോടതി ഇടപെടൽ. ഇമ്രാന്‍ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് പാക് സുപ്രീംകോടതി വ്യക്തമാക്കി. ഇമ്രാന്‍ ഖാനെ എത്രയും വേഗം മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ബുധനാഴ്ചയാണ് കോടതി വളപ്പില്‍ നിന്നും ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ പാകിസ്ഥാനില്‍ വലിയ രീതിയില്‍ സംഘര്‍ഷം നടന്നിരുന്നു. 1500ല്‍ അധികം ആളുകളെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇസ്ലമാബാദ് ഹൈക്കോടതിയ്ക്ക് പുറത്തുവെച്ച് ഇമ്രാന്‍ ഖാനെ അര്‍ധസൈനിക വിഭാഗം റെയ്ഞ്ചേഴ്സ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തത്. അധികാരത്തില്‍ നിന്നും പുറത്തുപോയതിന് ശേഷം ഇമ്രാന്‍ ഖാനെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അറസ്റ്റിനിടെ ഇമ്രാന്‍ ഖാനെ പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് തള്ളിയിട്ട് പരുക്കേറ്റതായി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐ അവകാശപ്പെടുന്നു. പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി സ്വന്തമാക്കുകയും മറിച്ചുവില്‍ക്കുകയും ചെയ്തുവെന്നത് അടക്കം നിരവധി അഴിമതി കേസുകള്‍ ഇമ്രാന്‍ നേരിടുന്നുണ്ട്. കേസുകളില്‍ നിരവധി തവണ ചോദ്യംചെയ്യലിന് എത്താന്‍ ആവശ്യപ്പെട്ടിട്ടും ഇമ്രാന്‍ ഹാജരായിരുന്നില്ല. തോഷഖാന അഴിമതിക്കേസില്‍ ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ പലതവണ ശ്രമിച്ചിരുന്നു. വിദേശത്തുനിന്നു ലഭിക്കുന്ന സമ്മാനങ്ങള്‍ സൂക്ഷിക്കുന്ന വകുപ്പായ തോഷഖാനയില്‍നിന്നും വിലയേറിയ സമ്മാനങ്ങള്‍ കുറഞ്ഞവിലയ്ക്കു സ്വന്തമാക്കി മറിച്ചുവിറ്റു എന്നതാണ് തോഷഖാന കേസ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഈ കേസുമായി ബന്ധപ്പെട്ട് ഇമ്രാനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ വീട് യുദ്ധക്കളമായിരുന്നു.  

Post a Comment

0 Comments