പത്തനംതിട്ട : വിവാഹത്തിന് മുന്‍പ് വധു വരന്റെ വീട് സന്ദര്‍ശിക്കണം, അത് അവകാശമാണെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ഉത്തരം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വനിതാ ശിശുക്ഷേമ വകുപ്പ് ഒരുക്കിയ സ്റ്റാള്‍ സന്ദര്‍ശിക്കവേയാണ് എംഎല്‍എയോട് വിവാഹത്തിന് മുന്‍പ് വധു വരന്റെ വീട് സന്ദര്‍ശിക്കണോയെന്ന ചോദ്യത്തിന് ഉത്തരമെഴുതാന്‍ ആവശ്യപ്പെട്ടത്. മേളയിലെത്തുന്ന സന്ദര്‍ശകര്‍ക്കെല്ലാം ഈ ചോദ്യത്തിന്റെ ഉത്തരമെഴുതി അവിടെ നല്‍കിയിട്ടുള്ള ബോര്‍ഡില്‍ ഒട്ടിക്കാനും സൗകര്യമുണ്ട്.
വനിതാശിശുക്ഷേമവകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച രീതിയിലാണ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. വനിതകള്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് കേന്ദ്രത്തിന്റെ സേവനങ്ങളും ഇവിടെ ലഭ്യമാണ്. ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീധനനിരോധന നിയമം, ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം, പ്രധാനപ്പെട്ട ഫോണ്‍നമ്പരുകള്‍, പരാതികള്‍ സമര്‍പ്പിക്കേണ്ട വിധം, പോക്സോ ആക്ട്, ശൈശവ വിവാഹ നിരോധന നിയമം, വനിതാശിശുവികസന വകുപ്പിന്റെ പദ്ധതികള്‍ എന്നിവയെ കുറിച്ചുള്ള ബോധവത്ക്കരണവും സ്റ്റാളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ, അങ്കണവാടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കിഡ്സ് കോര്‍ണര്‍, ആക്ടിവിറ്റി കോര്‍ണര്‍, അമൃതംപൊടി കൊണ്ട് പാചകം ചെയ്ത ആഹാരങ്ങള്‍ എന്നിവയും ഈ സ്റ്റാളിന്റെ പ്രത്യേകതയാണ്.
0 Comments