banner

മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനം ഹൈക്കമാൻഡ് എടുക്കും; നിർണ്ണായക പ്രഖ്യാപനവുമായി മല്ലികാർജുൻ ഖാർഗേ



ബംഗളൂരു : കര്‍ണാടകയില്‍ മുഖ്യമന്ത്രി പദം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാര്‍ട്ടി നിരീക്ഷകര്‍ ബെംഗളൂരുവില്‍ എത്തിയിട്ടുണ്ടെന്നും നിയമസഭാ കക്ഷി യോഗത്തിന് ശേഷം നിരീക്ഷകര്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുമെന്നും ഖാര്‍ഗെ പറഞ്ഞു.
“കര്‍ണാടകയിലെ ജനങ്ങള്‍ ബിജെപിയെ തള്ളി കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിച്ചു. റെക്കോര്‍ഡ് വോട്ടുകളാണ് ജനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത്.ഞങ്ങളുടെ പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ 5 വാഗ്ദാനങ്ങളും മന്ത്രിസഭ രൂപീകരിച്ചതിന് ശേഷം നടപ്പിലാക്കും. ഞങ്ങളുടെ നിരീക്ഷകര്‍ ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്. നിയമസഭാകക്ഷി യോഗത്തിന് ശേഷം നിരീക്ഷകര്‍ അഭിപ്രായം ഹൈക്കമാന്‍ഡുമായി പങ്കുവയ്ക്കും. പിന്നീട് ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കും”. ഖാര്‍ഗെ പറഞ്ഞു.

മന്ത്രിസഭാ രൂപീകരണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കുകയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്. മലയാളികളായ കെ.ജെ ജോര്‍ജ്, യു.ടു ഖാദര്‍, എന്‍.എ ഹാരിസ് എന്നിവരുടെ പേരുകള്‍ ചര്‍ച്ചകളിലുണ്ട്. മുഖ്യമന്ത്രി പദത്തില്‍ തീരുമാനമായാലുടന്‍ മന്ത്രിമാരെ പ്രഖ്യാപിക്കും. മുതിര്‍ന്ന നേതാക്കള്‍ക്ക് സുപ്രധാന വകുപ്പുകള്‍ നല്‍കി മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളില്‍ തര്‍ക്കം ഇല്ലാതാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് കയറി കൂറ്റന്‍ വിജയം നേടിയെത്തിയ ലക്ഷ്മണ്‍ സവദി മന്ത്രിസഭയില്‍ ഇടം നേടും. 92ആം വയസ്സില്‍ തെരഞ്ഞെടുപ്പ് വിജയം നേടിയ ഷാമന്നൂര്‍ ശിവശങ്കരപ്പക്കോ മകന്‍ എസ് എസ് മല്ലികാര്‍ജുനോ നറുക്ക് വീഴും. ബെല്‍ഗാവി റൂറലില്‍ നിന്ന് വിജയിച്ച ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ വനിതാ മന്ത്രിയായി ഇടം പിടിക്കും.

മലയാളിയായ കെ.ജെ ജോര്‍ജ് ഇത്തവണയും സുപ്രധാന വകുപ്പ് കൈകാര്യം ചെയ്യും. തീരദേശ കര്‍ണാടകയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച യു.ടി ഖാദറിന്റെ പേരും പരിഗണനയിലാണ്. എന്‍.എ ഹാരിസും സാധ്യതാ പട്ടികയിലുണ്ട്. വിധാന്‍ സഭ നിലകൊള്ളുന്ന ശിവാജി നഗറിലെ എം.എല്‍.എ റിസ്വാന്‍ അര്‍ഷദ് മന്ത്രിസഭയിലെ യുവമുഖമാവും. ഗാന്ധിനഗറില്‍ നിന്ന് നേരിയ വിജയം നേടിയ മുന്‍ പി.സി.സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവും മന്ത്രിസഭയില്‍ ഇടം നേടിയേക്കും.

إرسال تعليق

0 تعليقات