ബെംഗളുരു : പ്രധാനമന്ത്രി നരേന്ദ്ര മോഡി കാടിളക്കി കര്‍ണ്ണാടകയില്‍ പ്രചാരണം നടത്തിയിട്ടും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. പ്രചാരണത്തിന്റെ അവസാന നാളുകളില്‍ പ്രധാനമന്ത്രി കര്‍ണ്ണാടകയില്‍ തമ്പടിച്ചാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. ഒരാഴ്ച കര്‍ണ്ണാടകയില്‍ തങ്ങി 18 തെരഞ്ഞെടുപ്പ് റാലികളിലും റോഡ് ഷോകളിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കിലോമീറ്റളോളം കാല്‍നട യാത്രയായി നടന്ന് അദ്ദേഹം ജനങ്ങളെ നേരിട്ട് കാണുകയും ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകരും അല്ലാത്തവരുമായ മുവ്വായിരത്തിലേറെ ആളുകളുമായി പ്രധാനമന്ത്രി സംവദിക്കുകയും ചെയ്തു. നഗര മേഖലകളിലാണ് നരേന്ദ്ര മോഡി പ്രധാനമായും പ്രചാരണം നടത്തിയത്. നരേന്ദ്ര മോഡിക്ക് ഒരു വോട്ട് എന്ന രീതിയിലായിരുന്നു അദ്ദേഹം തന്റെ പ്രചാരണം മുന്നോട്ട് നയിച്ചത്. കര്‍ണ്ണാടകയില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് അത് മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി കര്‍ണ്ണാടകയില്‍ ക്യാമ്പ് ചെയ്തത്. തന്റെ പ്രസംഗങ്ങളിലൂടെയും മറ്റും കൃത്യമായ വര്‍ഗീയ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് കടത്തി വിടാനും അദ്ദേഹം ശ്രമിച്ചിരുന്നു. അമിത്ഷാ അടക്കമുള്ള ബി.ജെ.പി ദേശീയ നേതൃത്വം നേരിട്ടാണ് കര്‍ണ്ണാടയിലെ തെരഞ്ഞെട്പ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ വളരെ വലിയ പ്രാധാന്യത്തോടെയാണ് ബി.ജെ.പിയും പ്രധാനമന്ത്രിയും കണ്ടിരുന്നത്. കര്‍ണ്ണാടകയില്‍ പരാജയം സംഭവിച്ചാല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടിയിരുന്നു. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കര്‍ണ്ണാടകയിലെ വോട്ടര്‍മാരുടെ മനസ്സിലേക്ക് കയറിപ്പറ്റാന്‍ ബി.ജ.പിക്ക് കഴിഞ്ഞില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
0 Comments