കണ്ണൂര്‍ : ചെറുപുഴയില്‍ കുട്ടികളെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.മൂന്ന് മക്കളെയും കൊലപ്പെടുത്തിയതിന് ശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് നേരത്തെ വ്യക്തമായിരുന്നു. മൂന്നു കുട്ടികള്‍ക്കും അമിതമായ അളവില്‍ ഉറക്കഗുളികകള്‍ നല്‍കിയിരുന്നതായി പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. മൂത്ത കുട്ടി സൂരജിനെ ജീവനോടെയാണ് കെട്ടിത്തൂക്കിയതെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് മക്കളുടെയും മരണം ഉറപ്പാക്കിയ ശേഷം ശ്രീജയും ഷാജിയും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുള്ളത്. മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെയാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു.
ആന്തരികാവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിച്ചശേഷം മാത്രമേ ഏതു ഉറക്ക ഗുളികയാണ് കഴിച്ചത്, ഇതു കൂടാതെ വിഷം കഴിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. പരിശോധനാഫലം രണ്ടു ദിവസത്തിനകം ലഭിക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു. ശ്രീജയും ആദ്യ ഭര്‍ത്താവ് സുനില്‍കുമാറുമായി വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തിയിരുന്നില്ല. പക്ഷെ രണ്ടാംഭര്‍ത്താവ് ഷാജിക്കൊപ്പമാണ് രണ്ടാഴ്ചയായി ശ്രീജ താമസിച്ചിരുന്നത്. ഇതേച്ചൊല്ലി ശ്രീജയും സുനിലും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
ചെറുപുഴ പാടിയോട്ടുചാലിൽ ഇന്നലെ പുലർച്ചെ ആറ് മണിയോടെയാണ് പാടിയോട്ട്ചാൽ വാച്ചാലിൽ അഞ്ചു പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യ ഭര്‍ത്താവ് സുനില്‍ നല്‍കിയ പരാതി സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാനായി ശ്രീജയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനു പിന്നാലെയായിരുന്നു നാടിനെ നടുക്കിയ കൂട്ടമരണം. കുട്ടികളെ സ്റ്റെയർകേസിന്റെ കമ്പിയിൽ തൂങ്ങിയ നിലയിലും ശ്രീജയെയും ഷാജിയെയും കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്.
0 Comments