അഷ്ടമുടി : തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന വടക്കേകര സ്കൂളിന് സമീപമുള്ള ജയന്തി കോളനിയിൽ പഞ്ചായത്ത് കിണർ നവീകരിക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തോളമാകുന്നു. പ്രദേശവാസികളുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് രണ്ടാം വാർഡ് മെമ്പർ ദിവ്യാഷിബുവിൻ്റെ നേതൃത്വത്തിൽ കിണർ നവീകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയത്. ഇതോടെ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ് പ്രദേശവാസികൾ.
കുടിവെള്ളത്തിനായുള്ള ഏക ആശ്രയമായിരുന്ന കിണറിൽ സമീപത്തെ പറമ്പിൽ നിന്നുള്ള ആഞ്ഞിലി ചക്കകൾ വീഴുകയാണ്. മുകളിൽ സ്ഥാപിച്ചിരുന്ന സംരക്ഷണ വല നവീകരണത്തിൻ്റെ ഭാഗമായി എടുത്തു മാറ്റി. തുടർന്ന് പുതിയ മോട്ടോറും വാട്ടർ ടാങ്കും സ്ഥാപിച്ചെങ്കിലും കറണ്ട് ലഭിച്ചിട്ടില്ല. നാളെ കറണ്ട് ശരിയാക്കാമെന്ന ധാരണയിൽ പിരിഞ്ഞ പഞ്ചായത്ത് മെമ്പറെ ഒരു മാസമായിട്ടും കാണാനില്ലെന്ന ആക്ഷേപവും പ്രദേശവാസികൾ ഉയർത്തുന്നുണ്ട്.
ആദ്യമെല്ലാം കിണറിൽ നിന്നും വെള്ളം കോരിയെടുക്കുകയായിരുന്നു. എന്നാൽ ആഞ്ഞിലി ചക്കകൾ വീഴുന്നതോടെ ഈ ശ്രമവും പരാജയപ്പെട്ടു. ഇതോടെ കുടിവെള്ളം അടുത്ത പ്രദേശങ്ങളിൽ നിന്നായി കോരേണ്ട സ്ഥിതിയാണ് - പ്രദേശവാസി അഷ്ടമുടി ലൈവിനോട് പറഞ്ഞു.
0 Comments