കോഴിക്കോട് : കൈക്കൂലി വാങ്ങിയതിന് പോലീസുകാരന് സസ്പെൻഷൻ. സിറ്റി പോലീസിൽ ചേവായൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഫിറോസ് പുൽപ്പറമ്പിലിനെയാണ് സസ്പെൻഡ് ചെയ്തത്. മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചേവായൂർ സ്വദേശിയായ ടൈൽസ് തൊഴിലാളി മോട്ടോർസൈക്കിളിൽ സഞ്ചരിക്കുന്നതിനിടയിൽ തെരുവുനായ റോഡിനുകുറുകെച്ചാടി അപകടം സംഭവിച്ചു. എന്നാൽ, പോലീസ് ഓഫീസർ കേസെടുക്കാനും തുടർനടപടികൾ കൈക്കൊള്ളാനും മനഃപൂർവം വൈകിപ്പിച്ചു.
തുടർന്ന് ഒട്ടേറെത്തവണ സ്റ്റേഷനിലെത്തി കേസ് രജിസ്റ്റർചെയ്യണമെന്നും വണ്ടി വിട്ടുനൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ, അതിന് പോലീസ് ഓഫീസർ തയ്യാറായില്ല. സംശയം തോന്നിയ പരാതിക്കാരൻ കാര്യം തിരക്കിയപ്പോൾ കൈക്കൂലി ആവശ്യപ്പെട്ടു. ഇതോടെ 2000 രൂപ പണമായി നേരിട്ട് നൽകി. എന്നിട്ടും ആവശ്യം അംഗീകരിച്ചില്ല. രണ്ടാംഘട്ടത്തിൽ 2000 രൂപ ഗൂഗിൾപേ വഴിയും നൽകി. ഇതിനുശേഷം സംഭവത്തെക്കുറിച്ച് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ കെ.ഇ. ബൈജുവിന് പരാതി നൽകി.
തുടർന്ന് സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എ. ഉമേഷിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. പ്രാഥമികാന്വേഷണത്തിൽ കൈക്കൂലി പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ ഫിറോസ് പുൽപ്പറമ്പിലിനെ ഡി.സി.പി. സസ്പെൻഡ് ചെയ്യുകയായിരുന്നു. കൈക്കൂലിക്കേസിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഫറോക്ക് ഇൻസ്പെക്ടർ പി.എസ്. ഹരീഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡി.സി.പി. അറിയിച്ചു.
0 Comments