വിവാദ സിനിമ 'ദി കേരളാ സ്റ്റോറി'യുടെ ഹിന്ദി ട്രെയിലർ യൂട്യൂബിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ മലയാളത്തിലുള്ള ട്രെയിലർ പുറത്തിറക്കി അണിയറ പ്രവർത്തകർ.പുതിയതായി അപ്ലോഡ് ചെയ്തിരിക്കുന്ന ട്രെയിലർ കാണുന്നതിന് യൂട്യൂബ് പ്രായ പരിധി നിശ്ചയിച്ചിട്ടുണ്ട്. അതേസമയം 'ദി കേരള സ്റ്റോറി' സിനിമയുടെ പ്രദർശനത്തിനെതിരേ അഭിഭാഷകൻ സുപ്രീം കോടതിയിൽ. സിനിമ വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ച് അഭിഭാഷകനായ നിസാം പാഷ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ഹർജി പരിഗണിക്കുന്ന ജസ്റ്റിസുമാരായ കെ.എം. ജോസഫും, ബി.വി. നാഗരത്‌നയും അടങ്ങിയ സുപ്രീം കോടതി ബഞ്ചിന് മുമ്പാകെയാണ് വിഷയം ഉന്നയിച്ചത്. വിദ്വേഷ പ്രസംഗക്കേസിൽ പ്രത്യേക അപേക്ഷ ഫയൽ ചെയ്താണ് ഈ വിഷയം സുപ്രീം കോടതിയിൽ കൊണ്ടുവരാൻ പരാതിക്കാരൻ ശ്രമിച്ചത്. എന്നാൽ മറ്റൊരു കേസിൽ അപേക്ഷയായി ഈ വിഷയം പരിഗണിക്കാൻ ബഞ്ച് വിസമ്മതിച്ചു.
സെൻസർ ബോർഡിന്റെ അനുമതിയുടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത് എന്ന് ബഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് കെ.എം. ജോസഫ് ചൂണ്ടിക്കാട്ടി. പരാതിക്കാരന് ഹൈക്കോടതിയോ, ഉത്തരവാദിത്തപ്പെട്ട മറ്റുസംവിധാനങ്ങളേയോ സമീപിച്ചുകൂടേയെന്ന് സുപ്രീം കോടതി ആരാഞ്ഞു. പരാതിക്കാർക്ക് ഈ വിഷയത്തിൽ നേരിട്ട് സുപ്രീം കോടതിയെ എങ്ങനെ സമീപിക്കാൻ കഴിയുമെന്നും ബഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്ന ചോദിച്ചു.
0 Comments