banner

ഡോക്ടർ വന്ദനാ ദാസ് കൊലപാതകം: പ്രതി സന്ദീപിന്റെ മാനസികാരോഗ്യം ഇന്ന് വീണ്ടും പരിശോധയ്ക്ക് വിധേയമാക്കും



കൊല്ലം : വന്ദനാ ദാസ് കൊലപാതകക്കേസ് പ്രതി സന്ദീപിന്റെ മാനസികനില ഇന്ന് വീണ്ടും പരിശോധിക്കും. ഇതിനായി കസ്റ്റഡിയിലുള്ള പ്രതിയെ തിരുവനന്തപുരത്ത് മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. മെഡിക്കല്‍ കോളജ് സൂപ്രണ്ടാണ് ബോര്‍ഡിനെ നയിക്കുന്നത്. പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.

ഡോക്ടര്‍ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന് കാര്യമായ മാനസികാരോഗ്യ പ്രശ്‌നമില്ലെന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പതിവു പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് പരിശോധന നടത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പ്രതിയെ ഹാജരാക്കിയപ്പോള്‍ സന്ദീപിന് കടുത്ത മാനസിക സംഘര്‍ഷം ഉണ്ടെന്നും, ഇത് വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാനസിക പരിശോധനയ്ക്കും, കൗണ്‍സിലിങ്ങിനും പ്രതിയെ വീണ്ടും വിധേയമാക്കുന്നത്.

അതേസമയം ക്രൈംബ്രാഞ്ച് സംഘം സന്ദീപിനെ ചോദ്യംചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. കുത്താന്‍ ഉപയോഗിച്ച കത്രിക എങ്ങനെ, എപ്പോഴാണ് കൈക്കലാക്കിയത് എന്നതാണ് അറിയേണ്ട പ്രധാന കാര്യങ്ങളിലൊന്ന്. സന്ദീപിന്റെ കാലില്‍ മുറിവ് എങ്ങനെയുണ്ടായെന്നും അറിയാനുണ്ട്. കാലിന് പ്രാഥമിക ചികിത്സ നല്‍കിയിട്ടുണ്ട്. പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് ചികിത്സ നല്‍കിയത്. കാലിന് പ്ലാസ്റ്റര്‍ ഇടേണ്ടിവരുന്ന സാഹചര്യം ഉണ്ടായാല്‍ സംഭവം നടന്ന കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് വൈകും.

Post a Comment

0 Comments